സംസ്ഥാനത്ത് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് ട്രെയിനുകള്‍ക്ക് നേരെ കല്ലേറ്. കാഞ്ഞങ്ങാട് രാജധാനി എക്‌സ്പ്രസിന് നേരെയും മലപ്പുറത്ത് വന്ദേഭാരത് എക്‌സ്പ്രസിന് നേരെയുമാണ് കല്ലേറുണ്ടായത്. അക്രമങ്ങളില്‍ ആര്‍ക്കും പരുക്കേറ്റില്ലെന്നത് ആശ്വാസമാകുന്നുണ്ട്.
കാഞ്ഞങ്ങാട് ഉച്ചയ്ക്ക് 3.45ഓടെയാണ് രാജധാനി എക്‌സ്പ്രസിന് നേരെ കല്ലേറുണ്ടായത്. അക്രമത്തില്‍ ട്രെയിനിന്റെ ഗ്ലാസ് പൊട്ടിയിരുന്നു. ആര്‍ക്കും പരുക്കേറ്റിട്ടില്ല. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു രാജധാനി എക്‌സ്പ്രസ്. ഗ്ലാസിലേക്ക് കല്ലേറുണ്ടായതായി യാത്രക്കാരാണ് ആദ്യം കണ്ടെത്തിയത്. എ സി കോച്ചിന്റെ ഗ്ലാസുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. പൊലീസും ആര്‍പിഎഫും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. അക്രമിയെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല. അക്രമം ആസൂത്രിതമല്ലെന്നാണ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. പരിശോധനകള്‍ക്ക് ശേഷം ട്രെയിനിന്റെ യാത്ര പുനരാരംഭിച്ചു.
മലപ്പുറത്ത് വച്ചാണ് വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറുണ്ടായത്. മലപ്പുറം താനൂരിനും പരപ്പനങ്ങടിക്കും ഇടയില്‍ വച്ചാണ് കല്ലേറ് ഉണ്ടായതെന്നാണ് സൂചന. തിരുവനന്തപുരം ഭാഗത്തേക്ക് പോയ സര്‍വീസിന് നേരെയാണ് കല്ലേറുണ്ടായത്. ആര്‍ക്കും പരുക്കില്ല.