കേരളത്തിലെ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഒരു വർഷം കൂടി വർദ്ധിപ്പിച്ച് 58 ആക്കണമെന്നാണ് ശമ്പള പരിഷ്കരണ കമ്മീഷൻ ശുപാർശ ചെയ്തിട്ടുള്ളത് ‘ ഇത് വളരെ ഗൗരവമായി ആലോചിക്കേണ്ട വിഷയം തന്നെ ‘ സർക്കാർ ജീവനക്കാരുടെ കാലാകാലങ്ങളിലായുള്ള ഒരാവശ്യം’ ആവശ്യത്തിന് യുക്തിഭദ്രമായ ന്യായവാദങ്ങളുമുണ്ട്.
ഇപ്പോൾ ഏറ്റവും കുറഞ്ഞ പെൻഷൻ പ്രായമുള്ള സംസ്ഥാനമാണ് കേരളം. മറ്റെല്ലാ സംസ്ഥാനങ്ങളിലും 58 മുതൽ 63 വയസു വരെയുള്ള പെൻഷൻ പ്രായമാണ് നിലവിലുള്ളത്. മാത്രമല്ല, ആയുർ ദൈർഘ്യം കൂടിയ സംസ്ഥാനവുമാണ് കേരളം. പെൻഷൻ പറ്റുന്ന ഒരാളെ കണ്ടാൽ മൂക്കത്ത് വിരൽ വെച്ച് ചോദിച്ചു പോകും – നിങ്ങൾ പെൻഷൻ ആകാൻ ആയോ എന്ന്. അപ്പോൾ പെൻഷൻ പ്രായം നീട്ടുക എന്നത് തികച്ചും ന്യായം. എന്നാൽ ഇതിന് ഒരു മറുവശമുണ്ട്’ അഭ്യസ്ത വിദ്യരായ യുവാക്കളുടെ ഏറ്റവും വലിയ
തൊഴിലില്ലാപ്പട നിലനിൽക്കുന്ന സംസ്ഥാനവും നമ്മുടേത് തന്നെ. പെൻഷൻ പ്രായം ഉയർത്തുന്നത് ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് ഈ യുവാക്കളെത്തന്നെയാണ്.
സർക്കാർ ജോലി എന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ യുവതയുടെ അവസര നിഷേധമായി പെർഷൻ പ്രായം ഉയർത്തൽ ഹേതുവായിത്തീർന്നേക്കാം. രാജ്യം മുഴുവനുമുള്ള സർക്കാർ ജീവനക്കാർ അനുഭവിക്കുന്ന അവകാശം കേരളത്തിലെ ജീവനക്കാർക്ക് മാത്രം നിഷേധിക്കപ്പെടുന്നത് ശരിയല്ല. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് പി.എസ്. സി. നിയമനം കാര്യക്ഷമമാക്കി യുവാക്കളുടെ തൊഴിൽ സാദ്ധ്യത വർദ്ധിപ്പിച്ച് പെൻഷൻ പ്രായം വർദ്ധിപ്പിക്കുക എന്നത് തന്നെയാണ് ഉചിതമായ തീരുമാനം.