കുതിരാൻ : കുതിരാൻ ദേശീയപാതയിൽ രണ്ടാം തുരങ്കം തുറക്കാൻ ഫയർഫോഴ്സ് വിഭാഗത്തിന്റെ അനുമതി കിട്ടി. അപകടപ്രതിരോധ സംവിധാനങ്ങൾ പരിശോധിച്ച ശേഷം കുറ്റമറ്റതാണെന്ന് ഫയർഫോഴ്സ് റിപ്പോർട്ട് നൽകി. അതേസമയം, രണ്ടാം തുരങ്കത്തിന്റെ അപ്രോച്ച് റോഡ് നിർമാണം തുടങ്ങാൻ പാറ പൊട്ടിക്കുന്നതിന്റെ പരീക്ഷണം സ്ഫോടനം ഇന്ന് നടക്കും.
എക്സ്‌ഹോസ്റ്റുകൾ, അഗ്നിരക്ഷാ ഉപകരണങ്ങൾ, ഹൈഡ്രന്റ് പോയിന്റുകളും ഫയർ ഹോസ് റീലുകളും സ്ഥാപിക്കൽ എന്നിവ രണ്ടുദിവസംമുമ്പ് പൂർത്തിയായി. തുരങ്കത്തിന്റെ ഇരുഭാഗത്തുമുള്ള കവാടങ്ങളുടെ നിർമാണവും പൂർത്തീകരിച്ചിട്ടുണ്ട്. കിഴക്കുഭാഗത്ത് പാലത്തിലേക്കുള്ള റോഡിന്റെ ആദ്യഘട്ട ടാറിങ്ങും പൂർത്തിയായി. വില്ലൻവളവ് മുതൽ തുരങ്കമുഖം വരെയാണ് ടാറിട്ടത്.
രണ്ടാം തുരങ്കത്തിൽ തീ പിടുത്തമുണ്ടായാൽ ഇരുപത്തിനാലു മണിക്കൂറും ഇതുപോലെ വെള്ളവും സംവിധാനങ്ങളും ഉണ്ടാകും. ഇതിനു പുറമെ, വിഷവായു പുറത്തു കളയാൻ പ്രത്യേക ഫാനുകൾ. പ്രത്യേക വെളിച്ച സംവിധാനങ്ങൾ. അങ്ങനെ, ആദ്യ തുരങ്കത്തിലെ എല്ലാ സുരക്ഷാക്രമീകരണങ്ങളും രണ്ടാം തുരങ്കത്തിലുമുണ്ട്. നിർമാണ ജോലികൾ പൂർത്തിയായി. സുരക്ഷാ സംവിധാനങ്ങൾ തൃശൂരിലെ ഫയർഫോഴ്സ് മേധാവിയും സംഘവും പരിശോധിച്ചു.
972 മീറ്റർ ദൂരത്തിലാണ് രണ്ടാം തുരങ്കം നിർമിച്ചിരിക്കുന്നത്. രണ്ടു തുരങ്കളുമായി ബന്ധപ്പെടുത്തുന്ന ക്രോസ് റോഡുകൾ രണ്ടിടത്തുണ്ട്. ഏതെങ്കിലും വാഹനം കുടുങ്ങിയാൽ ഇതുവഴി പുറത്തു കടത്താം. രണ്ടാം തുരങ്കത്തിന്റെ അപ്രോച്ച് റോഡ് നിർമാണം രണ്ടു മാസത്തിനകം പൂർത്തിയാക്കും. തുരങ്ക കവാടത്തിലെ പാറകൾ പൊട്ടിച്ചു നീക്കണം. ഇതിനു മുന്നോടിയായി പരീക്ഷണ സ്ഫോടനം ഇന്നു നടക്കും. ഉച്ചക്കഴിഞ്ഞ് രണ്ടിനാണ് പരീക്ഷണ സ്ഫോടനം. ഏപ്രിൽ മാസത്തോടെ രണ്ടാം തുരങ്കവും തുറക്കും. തൃശൂർ പാലക്കാട് റൂട്ടിൽ ഇതോടെ യാത്രാക്ലേശത്തിന് പരിഹാരമാകും.
മൂന്നുമാസംകൊണ്ട് നിലവിലെ പാത പൊളിച്ച് പുതിയ റോഡ് നിർമിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് നിർമാണക്കമ്പനി അധികൃതർ അറിയിച്ചു. മഴയ്ക്കുമുമ്പ് നിർമാണം പൂർത്തിയാക്കാനാണ് ദേശീയപാത അതോറിറ്റിയും നിർദേശം നൽകിയിട്ടുള്ളത്.