തിരുവനന്തപുരം: തുടർച്ചയായ രണ്ടാം ദിവസവും ഇന്ധനവില കൂട്ടി. പെട്രോൾ ലിറ്ററിന് 90 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. രണ്ട് ദിവസത്തിനുള്ളിൽ പെട്രോളിന് ഒരു രൂപ 78 പൈസയും, ഡീസലിന് ഒരു രൂപ 69 പൈസയുമാണ് വർദ്ധിപ്പിച്ചത്.
തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 108.06 രൂപയും ഡീസലിന് 95.38 രൂപയുമായി. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 106.06 രൂപയും ഡീസലിന് 93.14 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 106 രൂപ 26 പൈസയും ഡീസലിന് 93 രൂപ 43 പൈസയുമാണ് ബുധനാഴ്ചത്തെ നിരക്ക്.
137 ദിവസത്തിന് ശേഷം ഇന്നലെ പെട്രോളിന് 88 പൈസയും ഡിസലിന് 85 പൈസയും കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വില വർദ്ധിപ്പിച്ചത്. രാജ്യത്ത് പാചക വാതകത്തിനും ചൊവ്വാഴ്ച വില കൂട്ടിയിരുന്നു. വീട്ടാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്.