
എലിസബത്ത് രാജ്ഞിയുടെ മരണം ലോകമെമ്പാടും പലതരത്തിലുള്ള ആദരാജ്ഞലികൾ കൊണ്ട് വാർത്തകളിൽ നിറഞ്ഞിരുന്നു. രാജ്ഞിയോടുള്ള ആദരസൂചകമായി പലരും വ്യത്യസ്ത ആശയങ്ങളുമായി രംഗത്തെത്തിയിരുന്നു. സെപ്തംബർ 8 ന് എലിസബത്ത് രാജ്ഞി അന്തരിച്ചതിനുശേഷം ലോകമെമ്പാടുമുള്ള പല സ്ഥലങ്ങളിലും ചുവർചിത്രങ്ങളും ഉയർന്നുവന്നിട്ടുണ്ട്. അവയിൽ പലതും സോഷ്യൽ മീഡിയയിൽ വൈറലായി.
ഇപ്പോഴിതാ, അന്തരിച്ച ബ്രിട്ടീഷ് രാജ്ഞിയുടെ എക്കാലത്തെയും വലിയ ഛായാചിത്രം സൃഷ്ടിക്കാൻ ഒരു പൈലറ്റ് 400 കിലോമീറ്ററിലധികം പറന്നിരിക്കുകയാണ്. കിരീടം ധരിച്ച എലിസബത്ത് രാജ്ഞിയുടെ സൈഡ് പ്രൊഫൈൽ ‘വരയ്ക്കാൻ’ അമൽ ലാർലിഡ് എന്ന പൈലറ്റ് പൈപ്പർ പിഎ-28 രണ്ട് മണിക്കൂർ പറത്തി. ഈ ശ്രമം യുകെ ഹോസ്‌പീസിനായി പണം സ്വരൂപിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. വ്യാഴാഴ്ചയാണ് ഈ വേറിട്ട ഛായാചിത്രരചന നടന്നത്. ഗ്ലോബൽ ഫ്ലൈറ്റ് ട്രാക്കിംഗ് സർവീസ് ആയ ഫ്ലൈറ്റ്റാഡാർ 24 ആണ് ട്രാക്ക് ചെയ്തത്.
105 കിലോമീറ്റർ ഉയരവും 63 കിലോമീറ്റർ വീതിയുമുള്ള ഫ്ലൈറ്റ്പാത്ത് പോർട്രെയ്റ്റ് ട്വിറ്ററിൽ വൈറലായിമാറിയിരിക്കുകയാണ്. ‘ പൈലറ്റ് അമൽ ലാർലിഡ് അന്തരിച്ച രാജ്ഞിക്ക് ആദരാഞ്ജലികൾ അർപ്പിക്കാനും പണം സ്വരൂപിക്കാനും ആഗ്രഹിച്ചു, അതിനാൽ ഇന്ന് അദ്ദേഹം ലോകത്തിലെ ഏറ്റവും വലിയ ഛായ ചിത്രം പൂർത്തിയാക്കി. എലിസബത്ത് രാജ്ഞിയുടെ ഛായാചിത്രം’- ചിത്രത്തിന്റെ കുറിപ്പ്.