സംസ്ഥാന വ്യാപകലോക്ക്ഡൗൺ നാളെ അവസാനിക്കും: രോഗവ്യാപന തീവ്രതയ്ക്ക് അനുസരിച്ച് നിയന്ത്രണങ്ങൾ

0

തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്ക്ഡൗൺ രീതിയിൽ മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. രോഗതീവ്രതയനുസരിച്ച് പ്രാദേശിക നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനം. പുതിയ സാഹചര്യം കണക്കിലെടുത്ത് തദ്ദശസ്വയംഭരണ സ്ഥാപനങ്ങളെ രോഗവ്യാപനത്തിന്റെ തോത് കണക്കാക്കി തരംതിരിച്ച് പ്രതിരോധ പ്രവര്‍ത്തനം നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

17-ാം തീയതി മുതൽ മുതൽ സംസ്ഥാന വ്യാപകമായി ഒരേ രീതിയിൽ ലോക്ക് ഡൗൺ ഉണ്ടാകില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ തദ്ദേശ സ്ഥാപനങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. എന്തൊക്കെ ഇളവുകൾ വേണമെന്നതിൽ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന അവലോകനയോഗം തീരുമാനമെടുക്കും.

മൂന്നു ദിവസങ്ങളിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.7 ശതമാനമാണ്. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിലൊഴികെ ബാക്കിയെല്ലാ ജില്ലകളിലും ടി.പി.ആര്‍ 15 ലും താഴെയെത്തി. ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ അത് 10 ശതമാനത്തിലും താഴെയായിരിക്കുന്നു. കഴിഞ്ഞ ഒരു ആഴ്ചയില്‍ പത്തു ശതമാനം കുറവ് ടി.പി.ആറില്‍ ഉണ്ടായതായി കാണാന്‍ സാധിച്ചു. കേസുകളുടെ എണ്ണത്തില്‍ 20 ശതമാനവും കുറവുണ്ടായിരിക്കുന്നു.

എന്നാൽ തദ്ദേശ തലത്തിൽ നോക്കുമ്പോൾ 14 തദ്ദേശ സ്വയംഭരണ പരിധിയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 35 ശതമാനത്തിന് മുകളിലാണ്. 37 എണ്ണത്തില്‍ 28 മുതല്‍ 35 വരെയാണ്. 127 ഇടത്ത് 21 നും 28നും ഇടയിലാണ്. ഉദ്ദേശിച്ച് രീതിയില്‍ രോഗ വ്യാപനത്തില്‍ കുറവ് വന്നിട്ടുണ്ടെന്നാണ് കാണുന്നത്. ഇപ്പോള്‍ പ്രഖ്യാപിച്ച് ലോക്ഡൗണ്‍ 16 വരെ തുടരും. തുടര്‍ന്നുള്ള നാളുകളില്‍ ലോക്ഡൗണ്‍ സ്ട്രാറ്റജിയില്‍ മാറ്റം വരുത്തും.

ടിപിആർ കുറഞ്ഞ പ്രദേശങ്ങളിൽ ഓട്ടോ, ടാക്സി സർവ്വീസുകൾക്ക് അനുമതി കിട്ടാൻ ഇടയുണ്ട്. കെഎസ്ആർടിസി കൂടുതൽ കൂടുതൽ സർവ്വീസുകളുമുണ്ടാകും. സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ അൻപത് ശതമാനത്തിൽ കൂടുതൽ ജീവനക്കാരെ പ്രവേശിപ്പിക്കാനും അനുവാദം നൽകാനിടയുണ്ട്. തുണിത്തരങ്ങളും ചെരിപ്പുകളും കണ്ണടയും വിൽക്കുന്ന കടകൾക്കും തുറക്കാൻ അനുമതിയുണ്ട്.

തിയേറ്ററുകൾ. ബാറുകൾ, ജിം, മൾട്ടിപ്ലക്സുകൾ എന്നിവക്ക് ഈ ‘അൺലോക്ക്’ പ്രക്രിയയിലും തുറക്കാൻ അനുമതി ഈ ഘട്ടത്തിൽ നൽകാനിടയില്ല. ഇളവുകളുടെ ഭാഗമായി അന്തർജില്ലാ യാത്രകൾക്കുള്ള വിലക്ക് നീക്കാനിടയുണ്ട്. കൂടുതൽ മേഖലകൾ തുറക്കും. കൊവിഡ് ചികിത്സയിൽ മാത്രമായി കേന്ദ്രീകരിച്ച ആശുപത്രികൾ ഒഴിയുന്നതോടെ കൊവിഡ് ഇതര ചികിത്സകളും സജീവമാകും.