കൊച്ചി: പിറവത്തെ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി സിന്ധുമോള്‍ ജേക്കബിനെ സിപിഎം പുറത്താക്കി. സിപിഎം ബ്രാഞ്ച് അംഗമായിരുന്ന സിന്ധുമോള്‍ ജേക്കബ് ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റാണ്.പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.
ഉഴവൂര്‍ നോര്‍ത്ത് ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നു സിന്ധുമോള്‍ ജേക്കബ്. പിറവത്ത് മത്സരിക്കുന്നത് പാര്‍ട്ടിയെ അറിയിച്ചില്ലെന്നാണ് ഉഴവൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ വിശദീകരണം. സിപിഐഎം നിര്‍ദ്ദേശിച്ച പ്രകാരമാണ് പിറവത്ത് കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥിയായതെന്നായിരുന്നു സിന്ധുമോള്‍ ജേക്കബ് പറഞ്ഞത്.
പിറവത്തെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസ്- എമ്മില്‍ പൊട്ടിത്തെറിയുണ്ടായിട്ടുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് പിറവം നഗരസഭാ കൗണ്‍സിലര്‍ ജില്‍സ് പെരിയപ്പുറം പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചു. യൂത്ത് ഫ്രണ്ട്-എം സംസ്ഥാന വൈസ് പ്രസിഡന്റു കൂടിയായ ജില്‍സിനെ പിറവം സീറ്റിലേക്ക് പരിഗണിച്ചിരുന്നു. രാജിവെച്ച ശേഷം പാര്‍ട്ടിക്കെതിരേ രൂക്ഷവിമര്‍ശനമാണ് ജില്‍സ് ഉന്നയിച്ചത്. സിന്ധുമോള്‍ ജേക്കബിനെ സ്ഥാനാര്‍ഥിയാക്കി കഴിഞ്ഞ ദിവസമാണ് കേരള കോണ്‍ഗ്രസ് എം പ്രഖ്യാപനം നടത്തിയത്. സാമുദായിക പരിഗണനയാണ് സിന്ധുമോള്‍ ജേക്കബിന്റെ സ്ഥാനാര്‍ഥിത്വത്തിലേക്ക് നയിച്ചത്.