കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി താഴേക്കുപതിച്ചു.പൈലറ്റും സഹപൈലറ്റും ഉള്‍പ്പെടെ 16 പേര്‍ മരിച്ചു. വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി തിരികെ എത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം IX 1344 ആണ് അപകടത്തില്‍പ്പെട്ടത്.നിരവധി യാത്രക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വിമാനത്തിന്റെ മുന്‍ഭാഗത്തിരുന്ന യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്.
കോഴിക്കോട് മെഡിക്കൽ കോളജിൽ 21 പേരെയാണ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരിൽ 5 പേർ മരണപ്പെട്ടു എന്നാണ് വിവരം. നേരത്തെ 4 പേർ മരണപ്പെട്ടിരുന്നു. രണ്ട് പേർ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലും മറ്റ് രണ്ട് പേർ മിംസിലുമാണ് മരിച്ചത്. മലപ്പുറത്ത് രണ്ട് പേർ മരണപ്പെട്ടു. കൊണ്ടോട്ടി റിലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികളിൽ രണ്ട് പേരാണ് മരിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ 4 പേർ കുട്ടികളാണ്. ആശുപത്രിയിൽ ഉള്ളവരിൽ പലരുടെയും ആരോഗ്യനില ഗുരുതരമാണെന്നും ജില്ലാ ഭരണകൂടം പറയുന്നു. അതുകൊണ്ട് തന്നെ മരണസംഖ്യ കൂടാൻ സാധ്യതയുണ്ടെന്നും ജില്ലാ ഭരണകൂടം പറയുന്നു. ഫയര്‍ ഫോഴ്‌സും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.
വിമാനം ലാന്‍ഡിങ്ങിനിടെ തെന്നിമാറി 35 അടി താഴ്ചയിലേയ്ക്ക് വീണത്. വിമാനത്തില്‍നിന്ന് പുക ഉയർന്നെങ്കിലും തീ പിടിക്കാതിരുന്നതുമൂലം വന്‍ ദുരന്തം ഒഴിവായി. ലാന്‍ഡിങ്ങിനിടെ തെന്നിമാറി കൊണ്ടോട്ടി-കുന്നുംപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ് ബെല്‍റ്റ് റോഡിന്റെ ഭാഗത്തേക്ക് വീഴുകയുമായിരുന്നു.
174 മുതിര്‍ന്ന യാത്രക്കാരും 10 കുട്ടികളും അഞ്ച് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. രാത്രി 8 മണിയോടെയാണ് സംഭവം.100ല്‍ അധികം യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. ക്യാപ്റ്റന്‍ ദീപക് വസന്ത് സാത്തെ ആണ് മരിച്ച പൈലറ്റ്. അഖിലേഷ് ആണ് സഹപൈലറ്റ്.