
തിരുവനന്തപുരം: സപ്തസ്വരങ്ങളിലെ ഭാവങ്ങള്‍ പകര്‍ന്ന് നല്‍കി പിന്നണി ഗായിക മഞ്ജരി ഭിന്നശേഷക്കുട്ടികള്‍ക്കിടയില്‍ സംഗീത വിസ്മയം തീര്‍ത്തു. സ്വരങ്ങളിലെ ഭാവവും ഈണവും താളവും തിരിച്ചറിഞ്ഞ് കുട്ടികള്‍ മഞ്ജരിക്കൊപ്പം പാടിക്കയറിപ്പോള്‍ ബീഥോവന്‍ ബംഗ്ലാവ് സംഗീത സാന്ദ്രമായി. മായാമാളവഗൗള രാഗത്തിലെ സ്വരങ്ങളാണ് മഞ്ജരി കുട്ടികളെ പരിശീലിപ്പിച്ചത്. ഒപ്പം ഏറെ പ്രിയപ്പെട്ട ഹേ ഗോവിന്ദ് എന്ന ഭജന്‍ പഠിപ്പിക്കാനും മറന്നില്ല. സെന്ററിലെ കുട്ടികള്‍ വളരെ വേഗമാണ് സംഗീതത്തിന്റെ ബാലപാഠങ്ങള്‍ ഹൃദിസ്ഥമാക്കുന്നതെന്ന് മഞ്ജരി അഭിപ്രായപ്പെട്ടു. സങ്കീര്‍ണമായ സ്വരങ്ങള്‍ പോലും ഒറ്റത്തവണ കേട്ട് വിസ്മയം തീര്‍ക്കുവാന്‍ ഇവിടുത്തെ കുട്ടികള്‍ക്ക് കഴിയുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് കാഴ്ചപരിമിതനായ ശ്രീകാന്തിന്റെ എന്തരോ മഹാനുഭാവലു എന്ന കീര്‍ത്തനാലാപനം അക്ഷരാര്‍ത്ഥത്തില്‍ മഞ്ജരിയെയും ഞെട്ടിച്ചു. കുട്ടികള്‍ക്കൊപ്പം പാട്ടുകള്‍ പാടി ഒരു മണിക്കൂറോളം അവര്‍ സെന്ററില്‍ ചെലവഴിച്ചു. ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍ക്ക് ഇനി മഞ്ജരിയുടെ ശിക്ഷണം റെഗുലര്‍ വിസിറ്റിംഗ് പ്രൊഫസര്‍ എന്ന നിലയില്‍ കൂട്ടിനുണ്ടാകുമെന്നും ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍ക്ക് പ്രശസ്തരായ വ്യക്തികളുടെ സേവനം സാധ്യമാക്കുകയാണ് ലക്ഷ്യമെന്നും മാജിക് അക്കാദമി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് പറഞ്ഞു.