രാജകുമാരി (ഇടുക്കി) ∙ പള്ളിവാസൽ പവർഹൗസിൽ പ്ലസ്ടു വിദ്യാർഥിനി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്ന ബന്ധു അരുണി(അനു–28)നെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പവർഹൗസിനു സമീപമാണ് നീണ്ടപാറ വണ്ടിത്തറയിലാണ് അരുണിന്റെ മൃതദേഹം കണ്ടെത്തിയത്.
പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയതിനു 150 മീറ്ററിനുള്ളിൽ ആളൊഴിഞ്ഞ വീടിനു മുന്നിലെ മരത്തിലാണു അരുണിന്റെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് പല തവണ തിരഞ്ഞ പ്രദേശമാണിത്. തിങ്കളാഴ്ച രാത്രിയാണു അരുണ്‍ ഇവിടെയെത്തി ആത്മഹത്യ ചെയ്തതാണെന്നു പൊലീസ് പറയുന്നു.
വണ്ടിത്തറയിൽ രാജേഷ് – ജെസി ദമ്പതികളുടെ മകൾ രേഷ്മ (17) കുത്തേറ്റു മരിച്ച കേസിൽ പ്രതിയെന്നു സംശയിക്കുന്ന അനുവിനായി തിരച്ചിൽ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. നേരത്തെ അരുണിന്റെ വീട്ടില്‍ പരിശോധന നടത്തിയ പോലീസ് സംഘം പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്ന് സൂചിപ്പിക്കുന്ന കത്തുകള്‍ കണ്ടെത്തിയിരുന്നു.
പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് അനുവിന്റേതെന്ന് സംശയിക്കുന്ന മൊബൈല്‍ ഫോണ്‍ നേരത്തെ കണ്ടെടുത്തിരുന്നു. ഉളി പോലുള്ള ആയുധമുപയോഗിച്ചാണ് പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക പരിശോധനയില്‍നിന്ന് വ്യക്തമായത്.
ബൈസണ്‍വാലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിനിയായ രേഷ്മയെ വെള്ളിയാഴ്ച വൈകീട്ട് മുതലാണ് കാണാതായത്. സ്‌കൂള്‍ സമയം കഴിഞ്ഞിട്ടും കുട്ടി വീട്ടില്‍ തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ വെള്ളത്തൂവല്‍ പോലിസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനിടെയാണ് ബന്ധുവായ അനുവിനൊപ്പം പള്ളിവാസല്‍ പവര്‍ഹൗസ് ഭാഗത്ത് പെണ്‍കുട്ടിയെ കണ്ടതായി ചിലര്‍ വിവരമറിയിച്ചത്. അനുവിനൊപ്പം മകള്‍ പോവുന്നത് കണ്ടതായി സുഹൃത്തുക്കള്‍ പറഞ്ഞതായി രേഷ്മയുടെ പിതാവ് രാജേഷും പറഞ്ഞിരുന്നു.
തുടര്‍ന്ന് ഈ ഭാഗത്ത് തിരച്ചില്‍ നടത്തിയതോടെയാണ് കാട്ടിനുള്ളില്‍ പെണ്‍കുട്ടിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രേഷ്മ തന്നെ ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനാല്‍ അവളെ കൊലപ്പെടുത്തുമെന്ന അനുവിന്റെ കത്ത് രാജകുമാരിയിലെ വാടക മുറിയില്‍നിന്ന് പോലിസിന് ലഭിച്ചിരുന്നു. കൃത്യത്തിനുശേഷം താനും ആത്മഹത്യചെയ്യുമെന്നു കത്തില്‍ അനു സൂചിപ്പിച്ചിരുന്നു.