റോം: ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ റോമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വത്തിക്കാനിൽ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. മാർപാപ്പയുമായി പ്രധാനമന്ത്രി ഒന്നേകാൽ മണിക്കൂറിലേറെയാണ് ചർച്ച നടത്തിയത്. മാർപാപ്പയെ പ്രധാനമന്ത്രി ഇന്ത്യയിലേക്കു ക്ഷണിച്ചു. വിദേശകാര്യമന്ത്രി എസ്.ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവർ മോദിക്കൊപ്പമുണ്ടായിരുന്നു.
1981 നവംബറിൽ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ഇറ്റലി സന്ദർശിച്ചപ്പോൾ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. 1997 സെപ്റ്റംബറിൽ പ്രധാനമന്ത്രി ഐ.കെ.ഗുജ്റാളും 2000 ജൂണിൽ പ്രധാനമന്ത്രി എ.ബി.വാജ്പേയിയും ജോൺപോൾ മാർപാപ്പയെ സന്ദർശിച്ചു.
ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ റോമിലെത്തിയ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉജ്വല സ്വീകരണമാണ് ഒരുക്കിയത്. മോദിയുടെ വരവ് ദീപാവലി ആഘോഷമാക്കിയ ഇന്ത്യൻ സമൂഹം മൂവർണക്കൊടി വീശി മോദിയുടെ പേരുവിളിച്ചും പാട്ടുപാടി നൃത്തംചെയ്തും സ്വാഗതമോതി. പിയാസയിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് മോദി ഇന്ത്യൻ സമൂഹത്തെ കണ്ടത്.
പിന്നീട്, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കൽ, യൂറോപ്യൻ കമ്മിഷൻ അധ്യക്ഷ ഉർസുല വാൻഡെർ ലെയ്ൻ എന്നിവരുമായി മോദി സംയുക്ത ചർച്ച നടത്തി ഔദ്യോഗിക പരിപാടികൾക്കു തുടക്കം കുറിച്ചു. ഇന്ത്യ – യൂറോപ്യൻ യൂണിയൻ ഉഭയകക്ഷിബന്ധം, വ്യാപാരം, കോവിഡ് അനന്തര സാമ്പത്തിക പുനരുജ്ജീവനം, അഫ്ഗാൻ പ്രശ്നം, പരിസ്ഥിതി പ്രശ്നങ്ങൾ തുടങ്ങിയവ നേതാക്കൾ ചർച്ച ചെയ്തു.