റെയിൽവേ നവീകരണ പദ്ധതിക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി: നടപ്പാക്കുന്നത് 25000 കോടിരൂപയുടെ പദ്ധതി, കേരളത്തിൽ അഞ്ചെണ്ണം

0

ഡൽഹി: രാജ്യത്തെ റെയിൽവേ നവീകരണത്തിന് 25000 കോടിയുടെ പദ്ധതിക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ 508 റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണത്തിനായാണ് 25000 കോടിയുടെ പദ്ധതിക്ക് മോദി തുടക്കമിട്ടത്. പദ്ധതിയിൽ കേരളത്തിലെ അഞ്ച് റെയിൽവേ സ്റ്റേഷനുകളെ തെരഞ്ഞെടുത്തിട്ടുണ്ട്. പയ്യന്നൂര്‍, കാസർകോട്, വടകര, തിരൂര്‍, ഷൊര്‍ണൂര്‍ സ്റ്റേഷനുകളാണ് കേരളത്തിൽ നിന്നും ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുത്തിരിക്കുന്നത്. പദ്ധതിയുടെ രാജ്യവ്യാപക ഉദ്ഘാടനം പ്രധാനമന്ത്രി ഇന്ന് തറക്കല്ലിട്ട് നിർവഹിച്ചു.

അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന റെയിൽവേ സ്റ്റേഷനുകളുടെ നവീകരണത്തിനാണ് വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രി ശിലാസ്ഥാപനം നടത്തിയത്.

കേരളത്തിലെ അഞ്ച് സ്റ്റേഷനുകളും നവീകരിക്കുന്നവയുടെ പട്ടികയിലുണ്ട്. ഷൊർണൂർ ജംഗ്‌ഷൻ,​ തിരൂർ,​ വടകര,​ പയ്യന്നൂർ,​ കാസർകോട് എന്നീ സ്റ്റേഷനുകളും മംഗളുരു ജംഗ്ഷൻ,​ നാഗർകോവിൽ എന്നിവിടങ്ങളുമാണ് നവീകരിക്കുന്നത്. ഇതുൾപ്പെടെ ദക്ഷിണ റെയിൽവേയിലെ 25 സ്റ്റേഷനുകളാണ് നവീകരിക്കുന്നത്. തറക്കല്ലിട്ട 508 സ്റ്റേഷനുകളിലെ നവീകരണ പ്രവ‌ർത്തനങ്ങൾ ഇന്ന് ആരംഭിക്കും.

25000 കോടിയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. ഉത്തർപ്രദേശിലും രാജസ്ഥാനിലുമാണ് ഏറ്റവും കൂടുതൽ സ്റ്റേഷനുകൾ നവീകരിക്കുന്നത്. 55 എണ്ണം വീതം. പദ്ധതിയുടെ ഭാഗമായി സ്റ്റേഷനുകളിൽ നടപ്പാലങ്ങൾ,​ ലിഫ്ടുകൾ,​ എസ്‌കലേറ്ററുകൾ,​ പാർക്കിംഗ് സൗകര്യം,​ വിശ്രമമുറികൾ,​ നിരീക്ഷൻ ക്യാമറ,​ ജനറേറ്ററുകൾ,​ എന്നിവയ്ക്കൊപ്പം യാത്രക്കാർക്കുള്ള ആധുനിക സൗകര്യങ്ങളോടെയാകും റെയിൽവേസ്റ്റേഷനുകൾ നവീകരിക്കുക. പ്ലാറ്റ്‌ഫോമുകളുടെ നീളവും ഉയരവും കൂട്ടും. കൂടുതൽ ഇരിപ്പിടങ്ങൾ സ്ഥാപിക്കുന്നതും സ്റ്റേഷനിലേക്ക് പുതിയ റോഡ് നിർമ്മിക്കുന്നതുമെല്ലാം പദ്ധതിയുടെ ഭാഗമാകും.