പ്രധാനമന്ത്രി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു,മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള കോവിഡ് വാക്‌സിന്‍ ഇന്നുമുതൽ

0

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ നിന്നാണ് നരേന്ദ്ര മോദി വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. പുതുച്ചേരി സ്വദേശി പി നിവേദയാണ് മോദിക്ക് വാക്‌സിന്‍ നല്‍കിയത്.

കൊവിഡിനെതിരായ പോരാട്ടത്തെ ശക്തിപ്പെടുത്തുന്നതിന് ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും എത്ര വേഗതയിലാണ് പ്രവര്‍ത്തിച്ചതെന്നത് ശ്രദ്ധേയമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വാക്‌സിന്‍ എടുക്കാന്‍ യോഗ്യരായ എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണം. കൊവിഡ് മുക്തമായ ഇന്ത്യയ്ക്കായി പ്രവര്‍ത്തിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ജനുവരി 16 മുതല്‍ ആരംഭിച്ച കൊവിഡ് വാക്‌സിനേഷന്റെ രണ്ടാം ഘട്ടത്തിനാണ് ഇന്ന് തുടക്കം കുറിക്കുന്നത്. ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ അടക്കമുള്ള കൊവിഡ് മുന്നണി പോരാളികള്‍ക്ക് വാക്‌സിന്‍ നല്‍കി. രണ്ടാംഘട്ടത്തില്‍ 60 വയസിന് മുകളിലുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ള മറ്റ് ആരോഗ്യ പ്രശ്‌നമുള്ളവര്‍ക്കുമാണ് വാക്‌സിന്‍ നല്‍കുക. സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്‌സിന്‍ സൗജന്യമായി നല്‍കും. അതേസമയം, സ്വകാര്യ ആശുപത്രികള്‍ ഒരു ഡോസ് വാക്‌സിന് 250 രൂപ ഈടാക്കും. ഇതില്‍ 100 രൂപ സ്വകാര്യ ആശുപത്രികളുടെ സര്‍വീസ് ചാര്‍ജാണ്.

രജിസ്ട്രേഷന്‍ നടപടി

കോവിന്‍ പോര്‍ട്ടല്‍ വഴിയും (https://www.cowin.gov.in) ആരോഗ്യ സേതു ആപ്പ് വഴിയും രജിസ്റ്റര്‍ ചെയ്യാം. രജിസ്ട്രേഷന്‍ സമയത്ത് ഗുണഭോക്താവിന്റെ ഫോട്ടോ, തിരിച്ചറിയല്‍ കാര്‍ഡിലുള്ള അടിസ്ഥാന വിവരങ്ങള്‍ എന്നിവ നല്‍കണം. മൊബൈല്‍ നമ്പറിന്റെ കൃത്യത ഉറപ്പാക്കാന്‍ ഒറ്റത്തവണ പാസ്വേഡ് അയച്ച് പരിശോധന നടത്തും.

രജിസ്ട്രേഷന്‍ സമയത്ത് വാക്‌സിനേഷന്‍ സെന്ററുകളുടെ പട്ടികയും ഒഴിഞ്ഞ സ്ലോട്ടുകള്‍ ലഭ്യമായ തീയതിയും കാണാം. അതനുസരിച്ച് ലഭ്യമായ സ്ലോട്ടുകള്‍ ലഭ്യമായ തീയതിയും കാണാം. അതനുസരിച്ച് ലഭ്യമായ സ്ലോട്ടുകള്‍ അടിസ്ഥാനമാക്കി ബുക്ക് ചെയ്യാം. ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് പരമാവധി നാല് ഗുണഭോക്താക്കളെ രജിസ്റ്റര്‍ ചെയ്യാം.

വാക്‌സിനേഷന്‍ നടക്കുന്നതുവരെ രജിസ്ട്രേഷന്റെയും അപ്പോയ്മെന്റിന്റെയും രേഖകളില്‍ മാറ്റംവരുത്താനും ഒഴിവാക്കാനും കഴിയും. ഗുണഭോക്താവിന്റെ പ്രായം 45 മുതല്‍ 59 വരെയാണെങ്കില്‍ എന്തെങ്കിലും അസുഖമുണ്ടോയെന്നു വ്യക്തമാക്കണം. രജിസ്ട്രേഷന്‍ പൂര്‍ത്തിയായാല്‍ രജിസ്ട്രേഷന്‍ സ്ലിപ്പ് അല്ലെങ്കിടോക്കണ്‍ ലഭിക്കും. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ സ്ഥിരീകരണ എസ്.എം.എസ്. ലഭിക്കും. ആദ്യ ഡോസ് ബുക്ക് ചെയ്യുമ്പോള്‍ത്തന്നെ രണ്ടാം ഡോസിനുള്ള തീയതി അനുവദിക്കും.

വാക്സിനെടുക്കാന്‍ എത്തുമ്പോള്‍ ആധാര്‍ കാര്‍ഡ് ഹാജരാക്കണം. മറ്റ് അംഗീകൃത ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡുകളും സ്വീകരിക്കും. 45 മുതല്‍ 59 വയസ്സ് വരെയുള്ളവരാണെങ്കില്‍ ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.