75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ പ്രൗഢിയില്‍ രാജ്യം: ആശംസകൾ നേർന്ന് പ്രധാനമന്ത്രി

0

ന്യൂഡല്‍ഹി: 75 ാം സ്വാതന്ത്ര്യദിന നിറവിൽ രാജ്യം. കൊറോണ മഹാമാരിയിൽ അകപെട്ടതുകൊണ്ട് രാജ്യത്ത് ആഘോഷങ്ങളൊന്നും തന്നെയില്ലെങ്കിലും ഓരോ ഭാരതീയനും ഇത് ആത്മാഭിമാനത്തിന്റെ ദിവസമാണ്. രാവിലെ ഏഴ് മണിയോടെ രാഷ്ട്രപിതാവിന്റെ സമാധി സ്ഥലമായ രാജ്ഘട്ടിലെത്തി പ്രധാനമന്ത്രി പുഷ്പാര്‍ച്ച നടത്തി. സ്വാതന്ത്ര്യസമരസേനാനികളെ പ്രണമിച്ചായിരുന്നു മോദിയുടെ പ്രസംഗത്തിന്റെ തുടക്കം. ഭാരതത്തിന് ദിശാബോധം നല്‍കിയത് നെഹ്റുവും സര്‍ദാര്‍ വല്ലഭായ് പട്ടേലുമെന്ന് മോദി അനുസ്മരിച്ചു.

നേതാജി സുഭാഷ് ചന്ദ്ര ബോസ്, ഭഗത് സിങ്‌, രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു എന്നിവരെ അദ്ദേഹം അനുസ്മരിച്ചു. ഒളിമ്പിക്‌സ് വേദിയില്‍ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയ കായിക താരങ്ങളേയും അദ്ദേഹം അഭിനന്ദിച്ചു.

കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ മുന്നില്‍ നിന്ന് പടനയിച്ച ആരോഗ്യപ്രവര്‍ത്തകര്‍, ശുചീകരണതൊഴിലാളികള്‍, വാക്‌സിന്‍ വികസിപ്പിക്കാന്‍ പ്രയത്‌നിച്ച ശാസ്ത്രജ്ഞര്‍ എന്നിവരെ രാജ്യം ആദരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയെന്ന നിലയിൽ നരേന്ദ്ര മോദിയുടെ 8-ാം സ്വാതന്ത്ര്യദിന പ്രസംഗമാണ് ഇന്നത്തേത്. സുരക്ഷാ ഭീക്ഷണി കണക്കിലെടുത്ത് കനത്ത ജാഗ്രതയിലാണ് ഡൽഹി. അതിനിടെ, വിവാദ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകർ സ്വാതന്ത്ര്യദിനം ‘കിസാൻ മസ്ദൂർ ആസാദി സംഗ്രം ദിവസ്’ ആയി ആചാരിക്കും. സമര കേന്ദ്രമായ ഡൽഹി അതിർത്തികളിലടക്കം രാജ്യവ്യാപകമായി റാലികൾ സംഘടിപ്പിക്കും.11 മുതൽ 1 മണി വരെയാകും റാലി.