
ക്വാലാലംപുർ : പ്രവാസി മലയാളി അസോസിയേഷൻ മലേഷ്യ ഭാരവാഹികൾ ഇന്ന് കൊച്ചിയിൽ ബഹു: വിദേശകാര്യ സഹമന്ത്രി ശ്രീ.വി മുരളീധരനുമായി കൂടികാഴ്ചനടത്തുകയും മലേഷ്യയിലെ പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരികയും പ്രശ്നങ്ങൾ വിവരിച്ചുകൊണ്ട് ഒരു നിവേദനം സമർപ്പിക്കുകയും ചെയ്തു. പ്രധാനമായും കോവിഡ് -19 മഹാമാരിയുമായി ബന്ധപെട്ടു മലേഷ്യയിലെ തൊഴിൽ മേഖലയിലും വ്യവസായ മേഖലയിലും പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങളാണ് മന്ത്രിയെ ധരിപ്പിച്ചത്.
ഗൾഫു രാജ്യങ്ങളെ പോലെ മലേഷ്യയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒരിക്കലും അധികാരികളുടെ മുന്നിൽ ധരിപ്പിക്കപ്പെടുകയോ, ധരിപ്പിക്കപ്പെട്ടാൽത്തന്നെ വേണ്ടരീതിയിലുള്ള ഇടപെടലുകളോ കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായിട്ടില്ല, അതുകൊണ്ടു മലേഷ്യയിലെ പ്രവാസികളുടെ പ്രശ്നങ്ങളിലും സർക്കാർ വേണ്ട പരിഗണന നൽകണമെന്ന് ചർച്ചയിൽ ഭാരവാഹികൾ മന്ത്രിയോട് അഭ്യർത്ഥിച്ചു. കോവിഡുമായി ബന്ധപ്പെട്ടു മലേഷ്യൻ സർക്കാർ വിദേശ തൊഴിലാളികൾക്കു രാജ്യത്തേക്കു തിരിച്ചുവരാൻ ഏർപ്പെടുത്തിയ നിബന്ധനകളിൽ സാധ്യമായ ഇളവുകൾ വരുത്തുന്നതിനും ഈ കാലയളവിൽ നാട്ടിൽ പോയി തിരിച്ചുവരാൻ പറ്റാതെ വിസ കാലാവധി കഴിഞ്ഞവരുടെ വിസ പുതുക്കുന്നതിനും സർക്കാർ തലത്തിലുള്ള ഇടപെടലുകൾ നടത്തണമെന്നും ഭാരവാഹികൾ മന്ത്രിയോടഭ്യർത്ഥിച്ചു.
മലേഷ്യൻ പ്രവിസികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ സാധ്യമായ എല്ലാ ഇടപെടലുകളും സർക്കാരിന്റ ഭാഗത്തുനിന്നും ഉണ്ടാകുമെന്നു മന്ത്രി പ്രവാസി മലയാളി അസോസിയേഷൻ മലേഷ്യ ഭാരവാഹികൾക്ക് ഉറപ്പുനൽകി. പ്രവാസിമലയാളി അസോസിയേഷൻ മലേഷ്യ അഡ്വൈസർ സി യം അഷ്‌റഫ് , വൈസ് പ്രസിഡണ്ട് മൊയ്‌നുദ്ധീൻ , ജോയിന്റ് സെക്രെട്ടറി ഫൈസൽ റഹ്മാൻ എന്നിവരാണ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.