പ്രധാനമന്ത്രിയുടെ സുരക്ഷയും രാഷ്ടീയവും

0

നമ്മുടെ പ്രധാനമന്ത്രിയുടെ പഞ്ചാബിലെ ഫിറോസ്പൂരിലേക്കുള്ള യാത്രയാണ് പ്രധാന രാഷ്ടീയ വിഷയം. ഇന്ത്യ എന്ന വലിയ ജനാധിപത്യ രാഷ്ടത്തിലെ ഫെഡറൽ ഭരണ സങ്കല്പത്തിലധിഷ്ഠിതമായ ഒരു സംവിധാനം നിലനിൽക്കുമ്പോൾ രാഷ്‌ട്രത്തെ നയിക്കുന്ന പ്രധാനമന്ത്രിക്ക് ഏതൊരു സംസ്ഥാനത്തേക്കും പോകാനും ആ സംസ്ഥാനത്തിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട്. പ്രധാന മന്ത്രിക്ക് സുരക്ഷയൊരുക്കേണ്ടത് കേന്ദ്ര ഭരണകൂടത്തിൻ്റെ മാത്രം ചുമതലയല്ല. സംസ്ഥാന ഭരണകൂടത്തിന് രാജ്യത്തിൻ്റെ പ്രധാന മന്ത്രിയെ ഒരു പോറലുമേൽപ്പാക്കാതെ സംരക്ഷിക്കേണ്ട ഭരണഘടനാപരമായ ബാദ്ധ്യത തന്നെയുണ്ട്.

ഇക്കാര്യത്തിൽ പഞ്ചാബ് സർക്കാർ പരാജയപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ടതുണ്ട്. അതേ സമയം തന്നെ ഈ സംഭവം വിവാദമാക്കിയെടുക്കുന്നതിന് പിന്നിൽ ബി.ജെ.പി യുടെയും പ്രധാനമന്ത്രിയുടെയും രാഷ്ടീയ കളികൾ ഒളിഞ്ഞിരിപ്പുണ്ടോ എന്നും വ്യക്തമാകേണ്ടതുണ്ട്. ഭരണാധികാരി എത്ര ശക്തനായാലും ക്രൂരനായ ലും ഫാഷിസ്റ്റ് ആയാലും പ്രതിഷേധിക്കാനുള്ള അവകാശം സാധാരണ ജനതയ്ക്കുണ്ട്. അത്തരം ഒരു കാര്യം മാത്രമേ പഞ്ചാബിലെ കർഷകർ നടത്തിയിട്ടുള്ളൂ എന്നതും വാസ്തവമാണ്. പ്രധാനമന്ത്രിയുടെ സുരക്ഷ ഉറപ്പു വരുത്തേണ്ടത് രാജ്യത്തിൻ്റെ ഉത്തരവാദിത്തമാണ്.

ഇന്ത്യൻ നാഷനൽ കോൺഗ്രസ്സിൻ്റെ ഏറ്റവും കരുത്തയായ നേതാവ് ലോകം ആദരിച്ചിരുന്ന ശ്രീമതി ഇന്ദിരാഗാന്ധി വധിക്കപ്പെട്ട ദാരുണമായ ദുരനുഭവം നമ്മുടെ രാജ്യത്ത് ഉണ്ടായത് ഓർക്കേണ്ടതാണ്. ഏത് കക്ഷിയിൽ പെട്ടതായാലും പ്രധാനമന്ത്രി രാജ്യത്തിൻ്റെ പൊതു സ്വത്താണ്. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങൾ ഭരണാധികാരികളുടെ ജീവന് ഭീഷണിയായി തീരാൻ പാടില്ല. ലോകത്തിൻ്റെ മുന്നിൽ നാം അപമാനിതരായിക്കൂടാ. രാഷ്ട്രത്തിൻ്റെ അന്തസ്സും അഭിമാനവും എല്ലാ അർത്ഥത്തിലും സംരക്ഷിക്കപ്പെടേണ്ടതുണ്ട്.