അത്രയും ഒറ്റപ്പെട്ടോരു ദ്വീപില്‍
അത്രയും ഇരുണ്ടൊരു അകത്തളത്തില്‍.
വര്‍ഷങ്ങളായി ഒറ്റയ്ക്കായ ഒരാള്‍
ഒട്ടുമേ മടുപ്പില്ലാതെ ആശ്ലേഷിക്കുന്ന-
ഏകാന്തതയെപ്പോലെ,
ഒട്ടുമേ മടുപ്പില്ലാതെ
നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു.
നീ നീട്ടുന്ന കയ്പ്പും, ചവര്‍പ്പും
മുന്‍വിധികളില്ലാതെ
അല്‍പ്പാല്‍പ്പം കുടിച്ചുതീര്‍ക്കുന്നു…
എരിവും ശകാരവും
നുണഞ്ഞലിഞ്ഞുറങ്ങുന്നു
അതില്‍ മുങ്ങി മുങ്ങി
കടതൊട്ടു തലയോളം
കരിമ്പായ് മധുരിക്കുന്നു
വെയില്‍പ്പകലിലും
വര്‍ഷരാത്രിയിലും
പച്ചമണ്ണിന്‍ നാഡീവീണയാം നിന്നെ
മീട്ടിയുണര്‍ത്തുന്നു.
വിരല്‍തൊടുമ്പോള്‍
നിന്നില്‍ നിന്നുതിരുന്നു
കാപ്പിപ്പൂമണം
വഴന, പിച്ചിപ്പൂവ്
വെടിയുപ്പ്, ആമ്പല്‍മൊട്ട്
മാറിലെ ശതാവരിക്കാട്ടില്‍.
പാറുന്നെന്‍ മിന്നാമിന്നി
നീ ഗന്ധവാഹന്‍ കാറ്റ്
ഏതു കാട്ടിലും കടന്ന്‍
ഏതു പാട്ടിലും ചരിച്ച്
ചിരിക്കും പ്രകമ്പനന്‍
ഇരുള്‍ക്കോട്ട തകര്‍ത്തീടാന്‍
വെളിച്ചത്തിന്‍ കവചമണിഞ്ഞ്
ഞാന്‍ നിന്നോടൊപ്പം
നടക്കുന്നു…
വെടിയേല്‍ക്കുന്നതിനും
കുരിശിലേറുതിനും
മുങ്ങിത്താഴുതിനും മുന്‍പ്
നമുക്ക് എത്രയോ
യുദ്ധങ്ങള്‍ ജയിക്കാനുണ്ട്!
എത്രയോ കവാടങ്ങള്‍
കടക്കാനുണ്ട്!
നമ്മളോടുതന്നെ തോറ്റ്
നമ്മള്‍ ബാക്കിയാവുന്നുവെങ്കില്‍.
അന്നേയ്ക്ക് കരുതാനായി
എത്രയോ മധുരം
ഇനിയും മാറാപ്പില്‍ നിറയ്ക്കാനുണ്ട് !
(Published in PravasiExpress onam 2016 edition)