കുന്നിറങ്ങി
വെട്ടു വഴിയിലെ
താന്നി മരത്തിലെ
മഞ്ഞക്കിളിയോട്
കുശലം ചോദിച്ച്
കാവ് കയറുമ്പോൾ
കാറ്റവളോട് പറഞ്ഞു
കഥ പറയുന്ന ശലഭങ്ങൾ
വന്നിരുന്നുവെന്ന്.
വെട്ടുവഴിയിലെ
തണുപ്പിലൂടെ
പുറകോട്ട് നടക്കുമ്പോൾ
കഥ പറയുന്ന ശലഭങ്ങൾ
കൂട്ട് വരുന്നു.
മരിച്ചവരില്ലാത്ത വീട്ടിൽ നിന്നും
കടുക് ശേഖരിക്കാൻ പോയ
അമ്മയുടെ കഥ പറഞ്ഞു
ഒന്നാം ശലഭം.
തെക്കേത്തൊടിയിൽ നിന്നൊരു തരി കനൽ
അവർക്കിടയിലേക്ക് വീണ് പൊള്ളി.
വേശ്യാഗൃഹത്തിലേക്ക്
ഭർത്താവിനെ ചുമന്ന് പോയൊരു
പെണ്ണിന്റെ കഥ പറഞ്ഞു
രണ്ടാം ശലഭം.
ദൂരെ നിരത്തിലൊരു
കുഴഞ്ഞ നാവ് പറഞ്ഞ പുലഭ്യം
കാറ്റവൾക്ക് എത്തിച്ചു കൊടുത്തു.
ശലഭങ്ങളുടെ പറഞ്ഞ്
തീരാത്ത കഥകളിലെല്ലാം
അവൾക്കൊരിടമുണ്ടെന്ന്
കൊഴിഞ്ഞ് വീണൊരു
പാലപ്പൂവ് പറഞ്ഞു.
ഉയരത്തിൽ ,കുന്നിൻമുകളിൽ
കഥ പറയുന്ന ശലഭങ്ങൾ
അവളോടൊപ്പം പാർപ്പ്
തുടങ്ങിയതിൽ പിന്നെയാണ്
വെയിലും ,മഴയും ,തണുപ്പും
അവൾക്ക് കൂട്ടായിവന്നത്.
കുന്നിറങ്ങി കയറി പോയിരുന്ന
കാവിലേക്കവളിപ്പോൾ
ഒന്നാം ശലഭത്തേയും
രണ്ടാം ശലഭത്തേയും
അയക്കാറില്ല.
എണ്ണമറ്റ ശലഭങ്ങൾ
പറയുന്ന കഥകളിലെങ്ങും
അവൾക്കിടമില്ലാതായത്
മഞ്ഞക്കിളികൾ അവളുടെ
വീട് ചോദിച്ച് വന്ന ദിവസമാണ്