കൊച്ചി:കവിയും ഗാനരചയിതാവുമായ എസ്. രമേശന്‍ നായര്‍(73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. കാന്‍സര്‍ ബാധിതനായിരുന്ന രമേശന്‍ നായര്‍ക്ക് കോവിഡും സ്ഥിരീകരിച്ചിരുന്നു. രണ്ടുദിവസം മുന്‍പ് കോവിഡ് നെഗറ്റീവ് ആയിരുന്നു. ഭക്തിഗാനങ്ങള്‍ ഉള്‍പ്പെടെ 500 ലധികം ഗാനങ്ങളാണ് അദ്ദേഹത്തിന്റെ തൂലികയിൽ പിറന്നത്.
1985-ൽ പുറത്തിറങ്ങിയ പത്താമുദയം എന്ന ചലച്ചിത്രത്തിലെ ഗാനങ്ങൾ രചിച്ചുകൊണ്ടാണ് മലയാളചലച്ചിത്ര രംഗത്ത് രമേശൻ നായർ പ്രവേശിക്കുന്നത്. തിരുക്കുറല്‍, ചിലപ്പതികാരം എന്നിവയുടെ മലയാള വിവര്‍ത്തനവും നിര്‍വഹിച്ചിട്ടുണ്ട്. ഗുരുപൗർണമി എന്ന കാവ്യ സമാഹാരത്തിനു 2018ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. 2010–ലെ കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരവും ആറാം വെണ്ണിക്കുളം സ്മാരക പുരസ്കാരവും ആശാൻ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
ഷഡാനനന്‍ തമ്പിയുടെയും പാര്‍വതിയമ്മയുടെയും മകനായി 1948 മേയ് മൂന്നിന് കന്യാകുമാരി ജില്ലയിലെ കുമാരപുരത്താണ് ജനനം. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സബ് എഡിറ്ററായും ആകാശവാണിയില്‍ നിര്‍മ്മാതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എഴുത്തുകാരിയും റിട്ട. അധ്യാപികമായുമായ പി. രമയാണ് ഭാര്യ. ഏക മകന്‍ മനു രമേശന്‍ സംഗീത സംവിധായകനാണ്.