ലോക്ക് ഡൗൺ കാലം പോലീസ് ഭീകരതയുടെ ദിനങ്ങളായി മാറിത്തീരുകയാണോ?
അത്യാവശ്യ കാര്യങ്ങൾക്കായി റോഡിലിറങ്ങുന്നവരെയും കുടംബം നോക്കാനായി ജോലിക്ക് പോകുന്നവരെയും ലോക്ക് ഡൗണിൻ്റെ പേരിൽ കേസ് ചുമത്തുകയും പിഴ ചുമത്തി ഊറ്റിയെടുക്കുന്നതും കേരളാ പോലീസിൻ്റെ വിനോദമായി മാറിത്തീർന്നിരിക്കുന്നുവെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്ന വാർത്തകൾ ഈ വസ്തുതയെ ബലപ്പെടുത്തുന്നതാണ്.
അതിൻ്റെ പ്രത്യക്ഷ ഉദാഹരണമാണ് കൊല്ലം പാരിപ്പള്ളിയിലെ മത്സ്യവിൽപ്പനക്കാരിയായ മേരിയുടെ അനുഭവം. അസുഖബാധിതനായ ഭർത്താവ് വീട്ടിൽ ശയ്യാവലംബനായ അവസ്ഥയിൽ ഉള്ളപ്പോൾ കടുംബം പുലർത്തുവാൻ മത്സ്യ വിൽപ്പന നടത്തുന്ന മേരിയെ പോലീസ് മത്സ്യ വിൽപ്പന നടത്തുന്നത് തടയുകയും വിൽപ്പനയ്ക്കായി വെച്ചിരുന്ന മത്സ്യം വലിച്ചെറിയുകയും ചെയ്തത് പോലീസ് കിരാത വാഴ്ചയുടെ മകുടോദാഹരണമാണ്. കെഞ്ചിയിട്ടും കേണപേക്ഷിച്ചിട്ടും പോലീസ് പിൻമാറിയില്ലെന്ന് മാത്രമല്ല നിയമ ലംഘനത്തിന് കേസ് ചുമത്തുകയും ചെയ്തു. എ.ടി.എമ്മിൽ പണമെടുക്കാൻ പോയ ഗൗരീ നന്ദയോടുള്ള പോലീസ് സമീപനവും ഗൗരിയുടെ പ്രതികരണവും പോയ നാളുകളിലെ പ്രധാന വാർത്തയായിരുന്നു.
മദ്യശാലകളാലേക്കുള്ള വഴികളിൽ പോലീസിൻ്റെ ഭാഗത്ത് നിന്ന് ഇത്തരം നടപടികൾ ഒന്നും ഉണ്ടാകുന്നില്ല എന്നതാണ് ഇതിലെ വലിയ തമാശ. പരമകാരുണികനായ മുഖ്യമന്ത്രി പോലീസ് നടപടികളെ ന്യായീകരിച്ച് രംഗത്ത് വരുന്നത് കേരളത്തിൻ്റെ പൊതു മനസ്സിനോടുള്ള വെല്ലുവിളി തന്നെയാണ്. ഔചിത്യത്തോടും മര്യാദയോടും പെരുമാറണമെന്നുള്ള പോലീസ് മാന്വലിലെ പ്രധാന നിർദ്ദേശം തന്നെയാണ് നിയമ പാലകർ ലംഘിക്കുന്നത് എന്നത് വിചിത്രം തന്നെ. ഏതായാലും ലോക്ക് ഡൗണിൽ ഇളവ് വരുത്തിയ നാളുകളിലെങ്കിലും പോലീസ് നീതിയുടെ മാർഗ്ഗം പിൻതുടരുമെന്ന് പ്രതീക്ഷിക്കാം.