പോലീസ് യാത്രാപാസിന് വൈകിട്ട് മുതല്‍ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

0

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിന്റെ പശ്ചാത്തലത്തില്‍ യാത്രയ്ക്കായി പോലീസ് പാസ് നിര്‍ബന്ധമാക്കി. പോലീസ് പാസ്സിന് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ സം വിധാനം ശനിയാഴ്ച്ച വൈകുന്നേരത്തോടെ നിലവില്‍ വരും. കേരള പോലീസിന്റെ വെബ്സൈറ്റിലാണ് ഇതിനുള്ള സൗകര്യം ലഭ്യമാകുക.

പേര്, സ്ഥലം, യാത്രയുടെ ഉദ്ദേശം എന്നിവ ഓണ്‍ലൈനില്‍ പാസിനായി അപേക്ഷിക്കുമ്പോള്‍ രേഖപ്പെടുത്തണം. ഇത് പരിശോധിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ചാണ് യാത്രാനുമതി നല്‍കുക. അനുമതി ലഭിക്കുന്ന മുറയ്ക്ക് അപേക്ഷകന്റെ മൊബൈല്‍ ഫോണിലേക്ക് ഒ.ടി.പി. വരികയും അനുമതി പത്രം ഫോണില്‍ ലഭ്യമാവുകയും ചെയ്യും. ഇതുപയോഗിച്ച് മാത്രമായിരിക്കും യാത്ര ചെയ്യാന്‍ സാധിക്കുക.

മരണം, ആശുപത്രി ആവശ്യം, അടുത്ത ബന്ധുവിന്റെ വിവാഹം തുടങ്ങിയ അത്യാവശ്യങ്ങള്‍ക്കാണ് പാസ്സ് അനുവദിക്കുക. ദിവസ വേതനക്കാര്‍, വീട്ടുജോലിക്കാര്‍ എന്നിവര്‍ക്കും അപേക്ഷിക്കാം. നേരിട്ടോ, തൊഴിലുടമ വഴിയോ ആണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ആശുപത്രി ജീവനക്കാന്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി അവശ്യ സേവന വിഭാഗങ്ങള്‍ക്ക് പാപാസില്ലാതെയും യാത്ര ചെയ്യാം. ഓണ്‍ലൈന്‍ സംവിധാനം ലഭ്യമാകുന്നതുവരെ സത്യപ്രസ്താവനയോ തിരിച്ചറിയല്‍ കാര്‍ഡുകളോ ഉപയോഗിച്ച് ആളുകള്‍ക്ക് യാത്ര ചെയ്യാം.

അടിയന്തരമായി പാസ്സ് ആവശ്യമുള്ളവര്‍ക്ക് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരെ നേരിട്ട് സമീപിച്ച് പാസ്സിന് അപേക്ഷ നല്‍കാവുന്നതാണ്. ഇരുവശത്തേയ്ക്കും യാത്ര ചെയ്യുന്നതിനുള്ള പാസ്സ് യാത്ര തുടങ്ങുന്ന സ്ഥലത്തുള്ള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ തന്നെ നല്‍കും.