‘അവരും ദൈവത്തിന്റെ മക്കള്‍; കുടുംബജീവിതത്തിന് അവകാശമുണ്ട്’; സ്വവര്‍ഗാനുരാഗികളെ പിന്തുണച്ച് ഫ്രാൻസിസ് മാര്‍പാപ്പ

0

റോം ∙ സ്വവർഗ ദമ്പതികൾക്കായി സിവിൽ യൂണിയൻ നിയമങ്ങൾ ആവശ്യമാണെന്നും ഇതിനായി നിയമനിർമ്മാണം നടത്തണമെന്നും ഫ്രാൻസിസ് മാർപാപ്പ. അടുത്തിടെ പുറത്തിറങ്ങിയ ഡോക്യുമെന്ററിയിലാണ് മാര്‍പാപ്പയുടെ പരാമര്‍ശം. കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായി ചുമതല ഏറ്റെടുത്ത കാലം മുതല്‍ സ്വവര്‍ഗാനുരാഗികളുടെ കാര്യത്തില്‍ സഹിഷ്ണുതയോടെയുള്ള നിലപാട് സ്വീകരിച്ചുപോന്ന മാര്‍പാപ്പയുടെ പരാമര്‍ശം സഭയുടെ നിലപാടില്‍തന്നെ മാറ്റം വരുന്നുവെന്ന സൂചന നല്‍കുന്നതാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടു ചെയ്തു.

ബുധനാഴ്ച റോം ഫിലിം ഫെസ്റ്റിൽ പ്രദർശിപ്പിച്ച, എവ്ഗെനി ഫിനെവ്സ്കി സംവിധാനം ചെയ്ത ‘ഫ്രാൻചെസ്കോ’ എന്ന ഡൊക്യുമെന്ററിയിലാണ് ഫ്രാൻസീസ് മാർപാപ്പ വത്തിക്കാൻ്റെ പരമ്പരാഗത നിലപാടിൽ നിന്നു വ്യത്യസ്ഥമായ നിലപാട് പ്രഖ്യാപിച്ചത്. ഇക്കാര്യം മാര്‍പാപ്പ തന്നോട് നേരിട്ട് പറഞ്ഞുവെന്നാണ് ഡോക്യുമെന്ററിയുടെ സംവിധായകന്‍ അവകാശപ്പെടുന്നത്.

സ്വർഗാനുരാഗികളും ദൈവത്തിൻ്റെ മക്കളാണ്. അവർ നിയമപരമായി പരിരക്ഷിക്കപ്പെടണം. അതിനായി സിവിൽ യൂണിയൻ നിയമങ്ങൾ ആവശ്യമാണെന്ന നിലപാടാണ് മാർപാപ്പ മുന്നോട്ടുവച്ചത്. വാർത്ത പുറത്തു വന്നതോടെ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിലടക്കം നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്.

സ്വവർഗാനുരാഗത്തിന്റെ പേരിൽ പുറത്താക്കപ്പെട്ട ചിലിയിലെ പുരോഹിതൻ യുവാൻ കാർലോസ് ക്രൂസാണ് ഡോക്യുമെന്ററിയിലെ പ്രധാന കഥാപാത്രം. സ്വവർഗാനുരാഗത്തോടും സ്വവർഗവിവാഹത്തോടുമുള്ള ഫ്രാൻസിസ് പാപ്പയുടെ നിലപാടുകൾ ക്രൂസിന്റെ കൊച്ചു കൊച്ചു കഥകളിലൂടെ ഡോക്യുമെന്ററി വ്യക്തമാക്കുന്നു.

സ്വവര്‍ഗ വിവാഹങ്ങളെ സഭ എക്കാലത്തും എതിര്‍ക്കുകയാണ് ചെയ്തിരുന്നത്. സ്വവര്‍ഗ പങ്കാളികളെ ബഹുമാനിക്കുന്നത് സ്വവര്‍ഗാനുരാഗത്തെ അംഗീകരിക്കുകയോ അതിന് നിയമപരമായ സംരക്ഷണം നല്‍കുകയോ ചെയ്യുന്ന തരത്തിലേക്ക് പോകരുതെന്നാണ് സഭ പഠിപ്പിച്ചിട്ടുള്ളത്.