എന്തും തങ്ങളുടെ വരുതിയിൽ തന്നെ കൊണ്ടുവരാൻ ഭരണാധികാരികൾ എപ്പോഴും ശ്രമിക്കാറുണ്ടെന്നത് ഒരു യാഥാർത്ഥ്യം തന്നെയാണ്. അതിനായി ഏത് വഴികളും സ്വീകരിക്കാറുണ്ടെന്നതും ചരിത്ര യാഥാർത്ഥ്യം. അപ്പോൾ പലപ്പോഴും നിയമങ്ങളും കീഴ് വഴക്കങ്ങളും ഭരണഘടനയും തന്നെ ഭരണാധികാരികൾ ബോധപൂർവ്വം വിസ്മരിക്കാറുണ്ട്. ഇത് തന്നെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് പോലും നിദാനമായിത്തീർന്നിട്ടുള്ളത്.
തങ്ങൾ തന്നെ നിയമിക്കുന്ന കമ്മീഷനുകൾ നൽകുന്ന ശുപാർശകൾ പോലും വലിച്ചെറിയുന്ന അസംബന്ധ കാഴ്ചകൾക്കും നമുക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നിട്ടുണ്ട്. സംസ്ഥാന സർക്കാറുകൾ പുറപ്പെടുവിക്കുന്ന ഓർഡിനൻസുകൾ ഈ അധികാരക്കൊതിയുടെ മകുടോദാഹരണങ്ങളായി മാറിത്തീരുന്നതും ഇക്കാരണം കൊണ്ടു തന്നെയാണ്.
ഇപ്പോൾ നമ്മുടെ ഇടത് പക്ഷ സർക്കാർ പുതിയ ഒരു ഓർഡിനൻസിൻ്റെ പണിപ്പുരയിലാണ് എന്നാണ് അന്ത: പ്പുരത്തിൽ നിന്നും വരുന്ന വാർത്തകളിലൂടെ അറിയാൻ കഴിയുന്നത് ‘ കോടതി വിധിയുടെ വിശുദ്ധിയും അപ്രമാദിത്തമുള്ള ലോകായുക്തയുടെ തീരുമാനങ്ങൾ സർക്കാറിന് ഇഷ്ടപ്പെട്ടില്ലെങ്കിൽ വലിച്ചെറിയാൻ അധികാരമുണ്ടായിരിക്കും എന്ന് വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസ് സമീപ ഭാവിയിൽത്തന്നെ കേരളത്തിന് സമ്മാനിക്കാനുള്ള തീരുമാനം വരാനിരിക്കുകയാണ്. ഇത് ലളിതമായ ഭാഷയിൽ പറഞ്ഞാൽ ജനാധിപത്യത്തിനും നിയമവാഴ്ചയ്ക്കുമെതിരെയുള്ള വെല്ലുവിളി തന്നെയാണ്.
“അധികാരം ദുഷിപ്പിക്കുന്നു, പരമമായ അധികാരം പരമമായി ദുഷിപ്പിക്കുന്നു” എന്ന ആക്‌ടൺ പ്രഭുവിൻ്റെ വാക്യം എത്രമാത്രം ശരിയാണ് എന്ന് കൃത്യമായി തെളിയിക്കുന്നതാണ് സർക്കാറിൻ്റെ ഈ തീരുമാനം. ഒരു ജനാധിപത്യ സംവിധാനത്തിൽ ലോകായുക്ത പോലുള്ള സ്ഥാപനങ്ങളുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് വിഘാതമായി തീരുന്ന രീതിയിൽ അതിൻ്റെ ചിറകരിയുന്നത് പ്രതിഷേധാർഹം തന്നെയാണെന്ന് ഈ ഭരണാധികാരികൾ എന്നാണാവോ മനസ്സിലാക്കുന്നത്.