അസംബ്ലി സ്പീക്കര്‍ പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രിയാകും. മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ മരണത്തോടെയാണ് പുതിയ മുഖ്യമന്ത്രിയായി പ്രമോദ് സാവന്തിനെ തെരഞ്ഞെടുത്തത്.സത്യപ്രതിജ്ഞ ഇന്ന് രാത്രി ഒമ്പതിന് നടക്കുമെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിച്ചു. ഗോവ ഫോര്‍വേഡ് പാര്‍ട്ടി, മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി, ബി.ജെ.പി എന്നിവരുമായി നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് സ്പീക്കര്‍ പ്രമോദ് സാവന്തിനെ പാര്‍ട്ടി തെരഞ്ഞെടുത്തത്.
സഖ്യകക്ഷികളായ എം ജി പി(മഹാരാഷ്ട്രാവാദി ഗോമന്തക് പാര്‍ട്ടി), ജി എഫ് പി(ഗോവ ഫോര്‍വേഡ് പാര്‍ട്ടി) എന്നിവരുമായി ബി ജെ പി ദേശീയനേതൃത്വം നടത്തിയ ചര്‍ച്ചയ്ക്കു പിന്നാലെയാണ് മുഖ്യമന്ത്രിസ്ഥാനത്തിന്റെ കാര്യത്തില്‍ തീരുമാനമായത്. എം ജി പി എം എല്‍ എ സുധിന്‍ ധവാലിക്കര്‍, ജി എഫ് പി എം എല്‍ എ വിജയ് സര്‍ദേശായി എന്നിവര്‍ക്ക് ഉപമുഖ്യമന്ത്രിസ്ഥാനം നല്‍കുമെന്നുമാണ് സൂചന. നിലവില്‍ ഗോവ നിയമസഭ സ്പീക്കറാണ് പ്രമോദ് സാവന്ത്. മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് ഗോവയില്‍ പ്രതിസന്ധി ഉടലെടുത്തത്.
പാന്‍ക്രിയാസിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് ഞായറാഴ്ചയാണ് മനോഹര്‍ പരീക്കര്‍ അന്തരിച്ചത്. തിങ്കളാഴ്ച പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്‌കരിച്ചു.