ഇന്ദ്രജിത്തിന്റേയും പൂർണിമയുടെയും മകൾ പ്രാർത്ഥന തമിഴ് പിന്നണി ഗാനരംഗത്തേയ്ക്ക്. തമിഴ് നടൻ വിശാലിന്റെ പ്രൊഡക്ഷൻ സംരംഭമായ വിശാൽ ഫിലിം ഫാക്ടറി നിർമിക്കുന്ന ചിത്രത്തിലാണ് പ്രാർഥന പാടുന്നതെന്നാണ് സൂചന. യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനം.
ബിജോയ് നമ്പ്യാർ സംവിധാനം ചെയ്യുന്ന തായിഷ് എന്ന ചിത്രത്തിലൂടെ പ്രാർത്ഥന ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരുന്നു. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ’രേ ബാവ്‍രേ’ എന്ന് തുടങ്ങുന്ന ഗാനമാണ് ഗോവിന്ദിനൊപ്പം ചേർന്നാണ് പ്രാർഥന ആലപിച്ചത്. ഹുസൈൻ ഹൈദ്രിയുടെതാണ് വരികൾ..
മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമായി എത്തിയ ‘മോഹൻലാൽ’ എന്ന ചിത്രത്തിൽ ‘ലാലാലാലേട്ടാ…’, അന്ന ബെൻ നായികയായ ‘ഹെലനി’ലെ ‘താരാപദമാകേ…’, സുരാജ് നായകനായ ‘കുട്ടൻപിളളയുടെ ശിവരാത്രി’ എന്ന ചിത്രത്തിലെ ‘നാടൊട്ടുക്ക്…’ എന്നീ ഗാനങ്ങളാണ് മലയാളത്തിൽ പ്രാർത്ഥന പാടിയിട്ടുളളത്.
പ്രാർത്ഥനയുടെ പാട്ടുകൾക്ക് സോഷ്യൽ മീഡിയയിലും ആരാധകർ ഏറെയാണ്. പ്രാർത്ഥന പാട്ടു പാടുന്ന വീഡിയോകൾ പൂർണിമയും ഇന്ദ്രജിത്തും പൃഥ്വിരാജമെല്ലാം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കാറുമുണ്ട്.