വിദേശത്തെ ജോലിക്കോ ബിസിനസിനോ പ്രവാസികൾ ഇന്ത്യയിൽ നികുതി നൽകേണ്ട -ധനമന്ത്രി

0

പ്രവാസി ഇന്ത്യക്കാര്‍ വിദേശത്ത് സമ്പാദിക്കുന്ന പണത്തിനു നികുതി ഏര്‍പ്പെടുത്താന്‍ ബജറ്റില്‍ ഒരു നിര്‍ദേശവുമില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇന്ത്യൻ ബിസിനസിൽനിന്നോ ജോലിയിൽനിന്നോ വിദേശത്തുനേടുന്ന വരുമാനത്തിനുമാത്രമേ പ്രവാസികൾ ഇവിടെ നികുതി നൽകേണ്ടതുള്ളൂവെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.

പ്രവാസിയായി കണക്കാക്കാൻ ചുരുങ്ങിയത് 240 ദിവസം വിദേശത്തു താമസിക്കണമെന്ന ബജറ്റുനിർദേശം മാധ്യമങ്ങളിൽ തെറ്റായ വ്യാഖ്യാനങ്ങൾക്ക് ഇടനൽകിയ പശ്ചാത്തലത്തിൽ ഞായറാഴ്ച ധനമന്ത്രാലയം ഇതുസംബന്ധിച്ച് വിശദീകരണക്കുറിപ്പിറക്കി. വിദേശത്തുള്ള യഥാർഥ തൊഴിലാളികളെ നികുതിപരിധിയിൽ കൊണ്ടുവരാൻ ഉദ്ദേശിച്ചുള്ളതല്ല ബജറ്റുനിർദേശം.

ഗൾഫിലും മറ്റു രാജ്യങ്ങളിലുമുള്ള പ്രവാസികൾ അവിടെനിന്ന് ഉണ്ടാക്കുന്ന വരുമാനത്തിന് ഇന്ത്യയിൽ നികുതി നൽകണമെന്ന തെറ്റായ വ്യാഖ്യാനമാണുവന്നത്. യഥാർഥ തൊഴിലാളി കൾ അവിടെ സമ്പാദിക്കുന്നതിന് ഇന്ത്യയിൽ നികുതി നൽകേണ്ടിവരുമെന്നതരത്തിലുള്ള വ്യാഖ്യാനം ശരിയല്ലെന്ന് പ്രസ്താവന വിശദീകരിച്ചു.

പ്രവാസി ഇന്ത്യക്കാരന്‍ ഇന്ത്യയിലുള്ള വീട് വാടകയ്ക്ക് കൊടുത്ത് വരുമാനമുണ്ടാക്കുകയാണെങ്കില്‍ അതിനു നികുതി നല്‍കണം. പ്രവാസിയെന്ന കാരണംകൊണ്ട് ഇന്ത്യയില്‍നിന്നുള്ള ഈ വരുമാനത്തിനു ഇവിടെയും താമസിക്കുന്ന രാജ്യത്തും നികുതി നല്‍കാതിരിക്കുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ല. ഇന്ത്യയിലുള്ള ബിസിനസില്‍നിന്നോ വീട്ടുവാടകയില്‍നിന്നോ ലഭിക്കുന്ന വരുമാനത്തിനു മാത്രമാണ് നികുതി.