ധാരാളം പാൽതരുന്ന പശുവിനെപ്പോലെയാണോ ഇന്ത്യയിലെ വിമാനക്കമ്പനികൾ പ്രവാസികളെ കാണുന്നത്. അങ്ങനെയാണെന്നു സൂചിപ്പിക്കുന്ന പ്രവർത്തികളാണ് അവരിൽ നിന്ന് നാം കാണുന്നത്. കൂടുതൽ ഗൾഫ് രാജ്യങ്ങളിലേയ്ക്കുള്ള വിമാന സർവീസുകൾ ആരംഭിച്ചതോടെ യാത്രാ ടിക്കറ്റ് നിരക്ക് ഉയർത്തി കൊണ്ടിരിക്കുന്ന വിമാനകമ്പനികളുടെ ക്രൂരത വ്യോമയാന വകുപ്പുമന്ത്രിയും മറ്റു വേണ്ടപ്പെട്ടവരും കാണുന്നില്ലേ.
പ്രവാസികളെ ചൂഷണം ചെയ്യുന്ന വിമാന കമ്പനികളുടെ നിലപാടിനെതിരെ മാസങ്ങളായി ജോലിയില്ലാതെയും മറ്റു പ്രശ്നങ്ങളിലും പെട്ട് കഷ്ടതയനുഭവിക്കുന്ന യാത്രക്കാർക്ക് ഒന്ന് പ്രതികരിക്കാൻ പോലും പറ്റാത്ത അവസ്ഥയാണിന്നുള്ളത്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഗൾഫ് രാജ്യങ്ങൾ മാസങ്ങളോളം ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾ നിർത്തി വെച്ചിരുന്നു.
നാട്ടിലേയ്ക്ക് അവധിയ്ക്കായി മടങ്ങിയ മലയാളികൾ ഉൾപ്പെടെ പതിനായിരക്കണക്കിന് പ്രവാസികൾക്ക് യാത്രാ വിലക്ക് മൂലം ഗൾഫിലേക്ക് മടങ്ങാൻ കഴിഞ്ഞിരുന്നില്ല. ഇന്ത്യയിൽ കോവിഡ് വർദ്ധിച്ചിരുന്ന സാഹചര്യത്തിലായിരുന്നു ഈ യാത്രാ വിലക്കുണ്ടായിരുന്നത്. എന്നാൽ മിക്ക ഗൾഫ് രാജ്യങ്ങളും ഈ നിയന്ത്രണങ്ങൾ ഇപ്പോൾ പിൻവലിച്ചിരിക്കുകയാണ്.
കഴിഞ്ഞ മാസം തന്നെ യു എ ഇ യിലേക്ക് ഇന്ത്യയിൽ നിന്നുമുള്ള വിമാന സർവീസ് പുനരാംഭിച്ചിരുന്നു. സെപ്റ്റംബർ ഏഴു മുതൽ കുവൈറ്റിലേക്കും വിമാന സർവീസ് ആരംഭിച്ചു. മാസങ്ങളോളം നാട്ടിലും വിദേശത്തുമായി കുടുങ്ങിയ പ്രവാസികൾ നാട്ടിലേക്കും ജോലിസ്ഥലങ്ങളിലേക്കും തിരികെയെത്താൻ ഒരുങ്ങുമ്പോഴാണ് വിമാന കമ്പനികൾ പ്രവാസികളെ ഈ രീതിയിൽ ചൂഷണം ചെയ്യുന്നത്.
ഗൾഫ് മേഖലയിലേക്ക് മാത്രമല്ല ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചിട്ടുള്ളത് സിങ്കപ്പൂർ പോലുള്ള മറ്റു രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്നവരുടെയും അവസ്ഥ ഇതുതന്നെയാണ്. ഇന്ത്യയിൽ നിന്ന് കുവൈറ്റിലേക്ക് മടങ്ങാൻ അൻപതിനായിരം മുതൽ അറുപതിനായിരം രൂപ വരെയാണ് ടിക്കറ്റു നിരക്ക്.
യു എ ഇ യി ലേക്ക് മടങ്ങാൻ ഇരുപതിനായിരം രൂപയ്ക്ക് മുകളിൽ നൽകണം. കോവിഡ് കാരണം സാമ്പത്തികമായി പ്രതിസന്ധിയിലായ പ്രവാസികൾക്ക് താങ്ങാൻ കഴിയുന്നതിനുമപ്പുറമാണ് ഈ ടിക്കറ്റ് നിരക്ക്.നമ്മുടെ ദേശിയ വിമാനകമ്പനിയായ എയർ ഇന്ത്യ ഉൾപ്പെടെ എല്ലാ വിമാന കമ്പനികളും മത്സരിച്ചാണ് പ്രവാസികളെ കൊള്ളയടിക്കുന്നത്.