ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യലും സ്ലോട്ട് ബുക്ക് ചെയ്യലും ഇനി മുതല്‍ നിര്‍ബന്ധമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. 18 വയസ്സും അതിന് മുകളിലുള്ള ആര്‍ക്കും അടുത്തുള്ള വാക്‌സിനേഷന്‍ സെന്ററിലെത്തി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാതെ തന്നെ വാക്‌സിന്‍ എടുക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
പ്രതിരോധ കുത്തിവെപ്പിന്റെ വേഗത വര്‍ധിപ്പിക്കുന്നതിനും വാക്‌സിന്‍ മടി അകറ്റുന്നതിനുമാണ് പുതിയ തീരുമാനം. ഈ രീതിയിൽ വാക്‌സിനേഷൻ എടുക്കുന്നതിനെ വാക്ക് ഇൻ രജിസ്‌ട്രേഷൻ എന്നാണ് അറിയപ്പെടുക. രാജ്യത്തെ ഗ്രാമപ്രദേശങ്ങളിൽ അടക്കം സമ്പൂർണ കുത്തിവെയ്പ്പ് നടപ്പിലാക്കാനാണ് ഓൺലൈൻ രജിസ്‌ട്രേഷൻ നിബന്ധന എടുത്തുകളഞ്ഞത്. ജൂൺ 13 വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്തെ 58 ശതമാനം ആളുകളാണ് (16.45കോടി) തത്സമയ രജിസ്‌ട്രേഷനിലൂടെ മാത്രം വാക്‌സിൻ സ്വീകരിച്ചത്.
ഗ്രാമപ്രദേശങ്ങളില്‍ വാക്‌സിനേഷന്‍ മന്ദഗതിയിലാണെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍. അതേ സമയം കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനം സംസ്ഥാനങ്ങള്‍ എങ്ങനെ നടപ്പിലാക്കും എന്നത് ശ്രദ്ധേയമാണ്. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്ക് നിയന്ത്രിക്കുന്നതിന് കേരളത്തിലടക്കം ബുക്കിങ് സംവിധാനം തുടരുമെന്നാണ് സൂചന.
ജൂണ്‍ 21 മുതല്‍ രാജ്യത്തെ 18 വയസ്സിന് മുകളിലുള്ള 75 ശതമാനം പൗരന്‍മാര്‍ക്കും വാക്‌സിന്‍ സൗജന്യമായി കേന്ദ്ര സര്‍ക്കാര്‍ തന്നെ വിതരണം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.