പ്രീവെഡ്ഡിങ് ഷൂട്ടിനിടെ അണക്കെട്ടിന്റെ ഷട്ടർ തുറന്നു; പാറക്കെട്ടിൽ കുടങ്ങി വധൂവരന്മാർ

0

പ്രീവെഡ്ഡിങ് ഷൂട്ടിനിടെ വെള്ളച്ചാട്ടത്തിന് സമീപത്തെ പാറക്കെട്ടിൽ കുടുങ്ങിയ വധൂവരന്മാർ ഉൾപ്പെടുന്ന സംഘത്തെ മണിക്കൂറുകൾക്കുശേഷം രക്ഷിച്ചു. അടുത്തുള്ള ഡാമിന്റെ ഷട്ടറുകൾ തുറന്നതോടെ ജലനിരപ്പ് ഉയരുകയും സംഘം കുടുങ്ങുകയുമായിരുന്നു. രാജസ്ഥാനിലെ ചിത്തോർഗഡിൽ നവംബർ 9ന് ആണു സംഭവം.

വധൂവരന്മാരായ ആശിഷ് ഗുപ്തയും ശിഖയും ഇവരുടെ സുഹൃത്തുക്കളായ ഹിമാൻഷുവിനും മിലാനും ഫൊട്ടോഗ്രഫർക്കും ഒപ്പമാണ് ചുലിയ വെള്ളച്ചാട്ടത്തിനു സമീപം ഫോട്ടോഷൂട്ടിന് എത്തിയത്. എന്നാൽ ഇതിനിടെ റാണ പ്രതാപ് സാഗർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കുകയായിരുന്നു. ഇതോടെ വെള്ളച്ചാട്ടം ശക്തിയാർജ്ജിക്കുകയും പ്രദേശത്തെ ജലനിരപ്പ് അതിവേഗം ഉയരുകയും ചെയ്തു. ഫെട്ടോഗ്രഫർ ഒഴികെ മറ്റാർക്കും സുരക്ഷിത സ്ഥാനത്തേക്ക് മാറാനായില്ല.

ഫൊട്ടോഗ്രഫർ അറിയിച്ചതിനെത്തുടർന്നു പൊലീസും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി. തുടർന്നു മൂന്നു മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ നാലു പേരെയും സുരക്ഷിത സ്ഥാനത്തക്ക് മാറ്റി. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഫൊട്ടോഗ്രഫറുടെ ക്യമാറ വെള്ളത്തിൽ ഒലിച്ചു പോയതായി വാർത്ത ഏജൻസി ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു.