ഡോക്ടർമാർ എഴുതി നൽകുന്ന കുറിപ്പടികൾ എത്ര ഇംഗ്ളീഷ് പരിജ്ഞാനമുള്ളവർക്കും വായിക്കാൻ കഴിയില്ല എന്നാണ് പൊതുവേയുള്ള അഭിപ്രായം. സാധാരണയായി മോശം കൈയ്യക്ഷരമുള്ളവരെ ഡോക്ടറിന് പഠിക്കുകയാണോ എന്ന് കളിയാക്കി വിളിക്കുന്നതും പതിവാണ്.
എന്നാൽ ഇതിന് വിപരീതമായി പ്രചരിക്കുന്ന ഒരു കുറിപ്പടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംസാരവിഷയമായി കൊണ്ടിരിക്കുന്നത്.
സംഭവം ട്രോൾ പേജുകൾ അടക്കം ഏറ്റെടുത്തതോടെ വടിവൊത്ത അക്ഷരത്തിൽ ആർക്കും വായിച്ചെടുക്കാൻ കഴിയുന്ന തരത്തിലെഴുതിയ കുറിപ്പടിക്ക് പിന്നിൽ ആരാണെന്ന അന്വേഷണം തകൃതിയായി. ഒടുവിൽ മനോഹരമായ കൈയക്ഷരത്തിന് ഉടമയായ ഡോക്ടറെ കണ്ടെത്തിയ സന്തോഷത്തിലാണ് സോഷ്യൽ മീഡിയ.
നെന്മാറ കമ്മ്യൂണിറ്റി സെന്ററിലെ ശിശു രോഗ വിദഗ്ദനായ നിതിൻ നാരായണനാണ് ആ വൈറൽ ഡോക്ടർ. മുൻപേയുള്ള കൈയ്യക്ഷരം ഇപ്പോഴും തുടരുകയാണെന്നും എല്ലാവർക്കും മനസ്സിലാകാനാണ് വടിവൊത്ത അക്ഷരങ്ങളിൽ എഴുതുന്നതെന്നുമാണ് ഡോക്ടർ നിതിന് പറയാനുള്ളത്. താൻ എഴുതിയ കുറിപ്പടി സോഷ്യൽ മീഡിയയിൽ സംസാര വിഷയമായപ്പോഴും അതിനെപ്പറ്റി ഡോക്ടർ നിതിൻ നാരായണൻ വൈകിയാണ് അറിയുന്നത്. ഡി എം ഒ അടക്കമുള്ളവരുടെ അഭിനന്ദന പ്രവാഹം ഇതിനോടകം തന്നെ വൈറൽ ഡോക്ടർക്ക് ലഭിച്ച് കഴിഞ്ഞു