രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്. എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമുവിന് മുൻതൂക്കം. ജാർഖണ്ഡ് മുൻ ഗവർണർ ദ്രൗപദി മുർമുവും യശ്വന്ത് സിൻഹയുമാണ് ഏറ്റുമുട്ടുന്നത്. വോട്ടെടുപ്പ് ഇന്ന് രാവിലെ പത്തിന് തുടങ്ങും. പാർലമെന്‍റിൽ 63 ാം നമ്പർ മുറിയാണ് പോളിംഗ് ബുത്തായി നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാനങ്ങളിൽ നിയമസഭകളിലാണ് വോട്ടെടുപ്പ്.
പാർലമെന്‍റ് മന്ദിരത്തില്‍ ഒരുക്കങ്ങളെല്ലാം പൂർത്തിയായി. രാവിലെ പത്ത് മണി ക്ക് പാർലമെന്‍റിനൊപ്പം വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ മന്ദിരങ്ങളിലും വോട്ടെടുപ്പ് ആരംഭിക്കും. എം പിമാരും എം എല്‍ എമാരുമടക്കം 4809 ജനപ്രതിനിധികളാണ് വോട്ട് രേഖപ്പെടുത്തുക.
അറുപത് ശതമാനത്തിലധികം വോട്ട് ഉറപ്പിച്ച് എന്‍ ഡി എ സ്ഥാനാർത്ഥി ദ്രൗപതി മുർമു വിജയം ഉറപ്പാക്കിയിട്ടുണ്ട്. അതേസമയം മികച്ച മത്സരം കാഴ്ച വയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം. അടുത്ത ചൊവ്വാഴ്ച വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കും.
ഇന്ന് പാര്‍ലമെൻ്റിന്‍റെ വർഷകാലസമ്മേളനം ആരംഭിക്കുകയാണ്. എൻഡിഎ സഖ്യവും പ്രതിപക്ഷ പാർട്ടികളും രാഷ്‌ട്രപതി തെരഞ്ഞെടുപ്പിനും വർഷകാല സമ്മേളനത്തിനും മുന്നോടിയായി ഇന്ന് ഡൽഹിയിൽ യോഗം ചേരും. രാഷ്‌ട്രപതി തെരഞ്ഞെടുപ്പിന്‍റെ മോക് ഡ്രില്ലും ഇന്ന് ബിജെപി ആസ്ഥാനത്ത് നടന്നേക്കും.
പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലേക്കും നിയമസഭകളിലേക്കും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണ് രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുക. ഇന്ന് രാവിലെ പത്ത് മണിക്കാണ് വോട്ടിങ് ആരംഭിക്കുന്നത്. ആകെയുള്ള 10,86,431 വോട്ടു മൂല്യത്തിൽ ദ്രൗപദി മുർമുവിന് 6.6 ലക്ഷത്തിലധികം വോട്ടുകൾ ഉറപ്പായിട്ടുണ്ട്. പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹയ്ക്ക് 4.19 ലക്ഷം വോട്ടുകളുമാണ് ഉറപ്പായിട്ടുള്ളത്. 94 പേരാണ് നാമനിർദേശ പത്രിക നൽകിയിരുന്നത്.