മുല്ലപ്പെരിയാര്‍ഡാം ഡികമ്മിഷന്‍ ചെയ്യണമെന്ന ആവശ്യത്തില്‍ ഫേസ്ബുക്ക് പോസ്റ്റുമായി നടന്‍ പൃഥ്വിരാജും. #DecommissionMullaperiyaarDam എന്ന ഹാഷ്ടാഗില്‍ നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തുന്നത്.
‘വസ്തുതകളും കണ്ടെത്തലുകളും എന്തുതന്നെയായാലും 125 വര്‍ഷം പഴക്കമുള്ള ഡാം ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്നത് ന്യായീകരിക്കാനാകില്ല. രാഷ്ട്രീയവും സാമ്പത്തികവുമായ കാര്യങ്ങള്‍ മാറ്റിവെച്ച ശരിയായി പ്രവര്‍ത്തിക്കേണ്ട നേരമാണിത്. ഭരണകൂടത്തെ വിശ്വസിക്കാനേ നമുക്ക് കഴിയൂ. ഭരണകൂടം ശരിയായ തീരുമാനമെടുക്കട്ടെയെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം’. പൃഥ്വിരാജ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
മുല്ലപ്പെരിയാര്‍ ഡാമിലെ നിലവിലെ ജലനിരപ്പ് 136 അടിയാണ്.മഴയ്ക്ക് ശമനമുണ്ടെങ്കിലും ശക്തമായ നീരൊഴുക്കാണ് ജലനിരപ്പ് ഉയരാന്‍ കാരണം. ജലനിരപ്പ് 136 അടിയാകുമ്പോഴാണ് തമിഴ്‌നാട് കേരളത്തിന് ആദ്യ മുന്നറിയിപ്പ് നല്‍കേണ്ടത്. സുപ്രിംകോടതിയുടെ ഉത്തരവ് പ്രകാരം അനുവദനീയമായ സംഭരണ ശേഷി 142 അടിയാണ്. ഈ 142 അടിയിലെത്തിയാല്‍ ഷട്ടറുകള്‍ ഉയര്‍ത്താന്‍ സാധ്യതയുണ്ട്. സെക്കന്‍ഡില്‍ 3025 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്. അതില്‍ 2150 ഘനയടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്.
അതിനിടെ ഡാമില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ വെള്ളം കൊണ്ടുപോകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് കത്തയച്ചു. നിലവിലെ അളവില്‍ നീരൊഴുക്ക് തുടര്‍ന്നാല്‍ ഡാമിലെ ജലനിരപ്പ് അതിവേഗം ഉയരാനാണ് സാധ്യത. ഷട്ടറുകള്‍ തുറക്കേണ്ടിവന്നാല്‍ 24 മണിക്കൂര്‍ മുന്‍പ് അറിയിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.