കോട്ടയം: സംസ്ഥാനത്ത് ചൊവ്വാഴ്ച മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. കോട്ടയം നാട്ടകം ഗസ്റ്റ്ഹൗസിൽ തിങ്കളാഴ്ച രാത്രി പത്തിന് മന്ത്രി ആന്റണി രാജു ബസ് ഉടമകളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. നിരക്കുവർധന അടക്കമുള്ള ആവശ്യങ്ങളിൽ ചർച്ച തുടരും. ഈ മാസം 18നകം പ്രശ്ന പരിഹാരം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
വിദ്യാർഥികളുടെ ഉൾപ്പടെയുള്ള യാത്രാനിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബസുടമകൾ സമരം പ്രഖ്യാപിച്ചിരുന്നത്. ഡീസൽ സബ്സിഡി നൽകണമെന്നും ബസുടമകളുടെ സംഘടന ആവശ്യപ്പെട്ടു. മിനിമം ചാർജ് 12 രൂപയാക്കണം എന്നായിരുന്നു സ്വകാര്യ ബസുടമകളുടെ പ്രധാന ആവശ്യം.
വിദ്യാർഥികളുടെ മിനിമം ചാർജ് ആറ് രൂപയാക്കണം, കിലോ മീറ്ററിന് ഒരു രൂപയായി വർധിപ്പിക്കണം, തുടർന്നുള്ള ചാർജ് യാത്ര നിരക്കിന്റെ 50 ശതമാനമാക്കണം എന്നിവയാണ് മറ്റ് ആവശ്യങ്ങൾ. കോവിഡ് കാലം കഴിയുന്നതുവരെ വാഹന നികുതി ഒഴിവാക്കണമെന്നും ബസുടമകളുടെ സംയുക്ത സമിതി ആവശ്യപെട്ടിരുന്നു.