പ്രിയ വർഗീസ് അസോസിയേറ്റ് പ്രൊഫസറായി ചുമതലയേറ്റു

0

കണ്ണൂർ: വിവാദങ്ങൾക്കൊടുവിൽ പ്രിയ വർഗീസ് അസോസിയേറ്റ് പ്രൊഫസറായി ചുമതലയേറ്റു. കണ്ണൂർ സർവകാലാശാലാ ആസ്ഥാനത്ത് എത്തിയാണ് പ്രിയ ചുമതലയേറ്റത്.

ബുധനാഴ്ച തന്നെ നീലീശ്വരം ക്യാമ്പസിൽ അസോസിയേറ്റ് പ്രഫസറായി ജോലിയിൽ പ്രവേശിക്കുമെന്ന് അവർ അറിയിച്ചു. കണ്ണൂർ സർവകാലാശാലയിൽ അസോസിയേറ്റ് പ്രഫസറായി നിയമിക്കപ്പെടാൻ മതിയായ യോഗ്യത പ്രിയയ്ക്ക് ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ജൂൺ 22ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിറക്കിയിരുന്നു. ഇതോടെ പ്രിയയുടെ നിയമനം തടഞ്ഞുകൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദായി.

അതേസമയം, പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രഫസറായി നിയമിച്ച വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുജിസി സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്. പ്രിയ വർഗീസിന് അനുകൂലമായ വിധി അഖിലേന്ത്യാ തലത്തിൽ പ്രത്യാഘാതമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് യുജിസിയുടെ ഹർജി.

2018ലെ യുജിസി ചട്ടപ്രകാരമുള്ള അധ്യാപന പരിചയം പ്രിയക്കില്ലെന്നും ഹൈക്കോടതി നടപടി ഉടൻ സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. യുജിസി ഹർജി നൽകും മുൻപേ പ്രിയ വർഗീസ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തന്‍റെ വാദം കേൾക്കാതെ ഉത്തരവ് നൽകരുതെന്ന് വ്യക്തമാക്കി തടസ ഹർജി നൽകുകയാണ് ചെയ്തിരിക്കുന്നത്.