ഓസ്കർ നാമനിർദ്ദേശങ്ങൾ പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും ചേർന്ന് പ്രഖ്യാപിക്കും

0

93ആമത് ഓസ്കർ നാമനിർദ്ദേശങ്ങൾ താര ദമ്പതിമാരായ പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും ചേർന്ന് പ്രഖ്യാപിക്കും. തിങ്കളാഴ്ച ഓസ്കർ നാമനിർദ്ദേശങ്ങൾ പ്രഖ്യാപിക്കുമെന്ന് താര ദമ്പതിമാർ തന്നെയാണ് അറിയിച്ചത്. ലൈവ് പരിപാടിയിലാവും പ്രഖ്യാപനം. ഓസ്കറിൻ്റെ യൂട്യൂബ്, ഫേസ്ബുക്ക് ട്വിറ്റർ അക്കൗണ്ടുകളിലൂടെ പരിപാടി നേരിൽ കാണാനാവും.

കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ഓസ്കർ പുരസ്കാര ദാനം ആറ് ആഴ്ചത്തേക്ക് നീട്ടിയിരുന്നു. 2021 ഫെബ്രുവരി 28ന് തീരുമാനിച്ചിരുന്ന ചടങ്ങ് മാർച്ച് 25ലേക്കാണ് മാറ്റിയത്. സിനിമകൾ ഓസ്കറിനു സമർപ്പിക്കേണ്ട അവസാന‌ തിയതിയും നീട്ടി. 2020 ഡിസംബർ 31നു നിശ്ചയിച്ചിരുന്ന അവസാന തിയതി 2021 ഫെബ്രുവരി 28ലേക്കാണ് നീട്ടിയത്.

366 ചിത്രങ്ങളാണ് പ്രാഥമിക ഘട്ടത്തില്‍ തിരഞ്ഞെടുത്തിരിക്കുന്നത്. സൂര്യ നായകനായ സുധ കൊങ്കര ചിത്രം സൂരറൈ പോട്ര്, ഐ.എം. വിജയന്‍ മുഖ്യകഥാപാത്രമായി എത്തുന്ന ‘മ് മ് മ്…’ (സൗണ്ട് ഓഫ് പെയിന്‍ ) എന്നിവ പട്ടികയില്‍ ഇടംനേടി.

കൊറോണ ബാധയെ തുടർന്ന് ലോക വ്യാപകമായി സിനിമാ റിലീസ് മുടങ്ങിയിരുന്നു. ഈ സമയത്ത് റിലീസ് ചെയ്യാനിരുന്ന സിനിമകളുടെ റിലീസ് തിയതിയും നീട്ടിവച്ചിരുന്നു. ഇതാണ് പുരസ്കാര ദാനം നീട്ടി വെക്കാനുള്ള കാരണം. തീയറ്റർ റിലീസ് ഇല്ലാതെ ഒടിടി റിലീസ് ചെയ്യുന്ന സിനിമകളും ഇത്തവണ അവാർഡിലേക്ക് സമർപ്പിക്കാം എന്ന് ഓസ്കർ അധികൃതർ അറിയിച്ചിരുന്നു.