പി.എസ്. പ്രശാന്തിനെ കോൺഗ്രസ് പുറത്താക്കി

0

തിരുവനന്തപുരം: കെ.പി.സി.സി സെക്രട്ടറിയും നിയമസഭ തിരഞ്ഞെടുപ്പിൽ നെടുമങ്ങാട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയുമായിരുന്ന പി.എസ്. പ്രശാന്തിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. നെടുമങ്ങാട്ടെ തോൽവിയുടെ പേരിൽ തിരുവനന്തപുരത്തെ നിയുക്ത ഡി.സി.സി പ്രസിഡന്റ് പാലോട് രവിക്കെതിരെ ഉൾപ്പെടെ നേരത്തേ പരസ്യവിമർശനമുന്നയിച്ചതിന്റെ പേരിൽ സസ്പെൻഷനിലായിരുന്നു. അന്ന് ഡി.സി.സി പ്രസിഡന്റുമാരെ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നില്ല.

ഇന്നലെ എ.ഐ.സി.സി ജനറൽസെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ പ്രശാന്ത് രൂക്ഷവിമർശനമുയർത്തി. വേണുഗോപാൽ ബി.ജെ.പി ഏജന്റാണെന്നായിരുന്നു വിമർശനം. വേണുഗോപാലിനെതിരെ രാഹുൽഗാന്ധിക്ക് കത്തുമയച്ചു. ഇതേതുടർന്നാണ് ഇന്നലെ വൈകിട്ടോടെ പുറത്താക്കിയത്.

തെറ്റു തിരുത്താൻ തയ്യാറാകാതെ വീണ്ടും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചതിനാണ് പുറത്താക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ അറിയിച്ചു. പാർട്ടിയെയും പാർട്ടി നേതാക്കളെയും അപകീർത്തിപ്പെടുത്താൻ ആരെയും അനുവദിക്കില്ലെന്നും സുധാകരൻ വ്യക്തമാക്കി.