യുവതയുടെ പ്രതീക്ഷകളാണ് പി.എസ്.സി. റാങ്ക് ലിസ്റ്റ്. സർക്കാറിൻ്റെ വിവിധ തസ്തികകളിലേക്ക് നിയമിക്കാനായി പി.എസ്.സി. നടത്തുന്ന ഓരോ പരീക്ഷയിലും ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളാണ് പങ്കെടുക്കുന്നത്. ഇവരിൽ നിന്ന് തെരഞ്ഞെടുക്കുന്ന നൂറ് കണക്കിന് ഉദ്യോഗാർത്ഥികൾ തയ്യാറാക്കപ്പെടുന്ന റാങ്ക് പട്ടികയിൽ ഇടം നേടുന്നു. ഒഴിവുള്ള തസ്തികളിൽ നിയമനം പ്രതീക്ഷിച്ച് വേഴാമ്പലിനെ പോലെ കാത്തിരിക്കുന്ന ഇവരുടെ സ്വപ്നങ്ങൾക്കെല്ലാം അന്ത്യം വരുത്തിക്കൊണ്ട് 493 റാങ്ക് പട്ടികകളാണ് ആഗസ്ത് 4 ന് റദ്ദാകുന്നത്.
കോവിഡ് പശ്ചാത്തലത്തിൽ ഒഴിവുകൾ യഥാസമയം കൃത്യമായി റിപ്പോർട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തിലും പട്ടികയിൽ നിയമനം പ്രതീക്ഷിച്ച് കാത്തു നിൽക്കുന്നവർ കൂടുതലായ സാഹചര്യത്തിലും ഈ പട്ടികകൾ റദ്ദ് ചെയ്യുന്നത് ഖേദകരമാണ്. ഉദ്യോഗാർത്ഥികളോടുള്ള ക്രൂരതയാണ്.
ഇനിയും ഒരവസരം ലഭിക്കാൻ സാദ്ധ്യതയില്ലാതെ പ്രായപരിധിക്ക് പുറത്താകുന്ന ഒട്ടനവധി പേർ പട്ടികയിലുണ്ടെന്ന യാഥാർത്ഥ്യം ഭരണാധികാരികൾ ഉൾക്കൊള്ളേണ്ടതുണ്ട്. മുൻപ് തുടർച്ചയായി 34 ദിവസം സമരം നടത്തിയതിൻ്റെ ഫലമായിട്ടായിരുന്നു പട്ടികയുടെ കാലാവധി നീട്ടാൻ തീരുമാനിച്ചിരുന്നത്.
ഒറ്റയടിക്ക് 493 റാങ്ക് പട്ടികകൾ റദ്ദാക്കുന്നത് യുവതയുടെ പ്രതീക്ഷകളുടെ ചിറകരിയപ്പെടുന്ന തീരുമാനം തന്നെയാണ്.