ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുൽവാമയിൽ സ്പെഷ്യൽ പൊലീസ് ഓഫീസറെയും കുടുംബത്തെയും കൊലപ്പെടുത്തിയത് മൂന്ന് ഭീകരരെന്ന് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ആക്രമണം നടത്തിയവരെ ഉടൻ പിടികൂടുമെന്ന് ജമ്മു കശ്മീർ പൊലീസ് ഐജി വിജയ് കുമാർ അറിയിച്ചു. എസ്പിഒ ഫയാസ് അഹമ്മദും ഭാര്യയും മകളുമാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് ഫായസിന്‍റെ കുടുംബത്തിന് നേരെ ആക്രമണം നടന്നത്. അവന്തിപ്പുരയിലെ വീട്ടിൽ കയറി ഭീകരർ പൊലീസ് ഓഫീസറെയും കുടുംബത്തെയും വെടിവെയ്ക്കുകയായിരുന്നു. ഇവരെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫയാസ് അഹമ്മദിന്‍റെയും ഭാര്യ രാജ ബീഗത്തിന്‍റെയും ജീവൻ രക്ഷിക്കാനില്ല. ഗുരുതരമായി പരിക്കേറ്റ മകൾ റാഫിയ ചികിത്സയിലിരിക്കെ രാവിലെ മരിച്ചു.
സ്പെഷ്യൽ പൊലീസ് ഓഫീസറായാണ് ഫയാസ് പ്രവർത്തിച്ചിരുന്നത്. ഭീകരരെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കുക അതിനായി ഗ്രാമീണരെ ഒപ്പം നിർത്തുകയെന്നതാണ് സ്പെഷ്യൽ പൊലീസ് ഓഫീസർമാരുടെ മുഖ്യ ചുമതല. കഴിഞ്ഞ ഒരു മാസത്തിനിടെ സ്പെഷ്യൽ പൊലീസ് ഓഫീസർമാർക്ക് നേരെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണ് ഇത്. ഇതിനിടെ സുരക്ഷാ സേനയ്ക്ക് നേരെ നടന്ന നിരവധി ആക്രമണങ്ങളുടെ പിന്നിൽ പ്രവർത്തിച്ച ലക്ഷകർ കമാൻഡർ നദീം അബ്രാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാർച്ച് 25ന് മൂന്ന് സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ട ആക്രമണം ഉൾപ്പടെ ആസൂത്രണം ചെയ്തത് ഇയാളെന്ന് പൊലീസ് അറിയിച്ചു. പരിംപോരയില്‍ നടന്ന സുരക്ഷ പരിശോധനയ്ക്ക് ഇടെയാണ് ഇയാളും സഹായിയും അറസ്റ്റിലായത്. ഇവരിൽ നിന്നും ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്.