പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് രാജിവെച്ചു

0

ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് രാജിവെച്ചു. രാജ്ഭവനിലെത്തി അമരിന്ദർ സിങ് രാജിക്കത്ത് ഗവർണർക്ക് കൈമാറി. ഹൈക്കമാൻഡ് നിർദേശപ്രകാരമാണ് രാജി. അടുത്ത വർഷം ആദ്യം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജി. നവജ്യോത് സിങ് സിദ്ദുമായി ഏറെ കാലമായി തുടരുന്ന അധികാര വടംവലിക്കൊടുവിലാണ് ക്യാപ്റ്റൻ അമരിന്ദർ സിങ് പുറത്തു പോകുന്നത്.

ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് കോണ്‍ഗ്രസ് നേതൃത്വം അടിയന്തര നിയമസഭാ കക്ഷി യോഗം വിളിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് അമരീന്ദര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി അമരീന്ദര്‍ നേരത്തെ ടെലിഫോണില്‍ ആശയവിനിമയം നടത്തിയിരുന്നു. മൂന്നാം തവണയാണ് താന്‍ പാര്‍ട്ടിയില്‍ അപമാനിക്കപ്പെടുന്നതെന്നും ഇനിയും അപമാനം സഹിച്ച് തുടരാനാകില്ലെന്നും അമരീന്ദര്‍ സോണിയയെ അറിയിച്ചതായാണ് വിവരം. ഹൈക്കമാന്‍ഡ് എന്തു തീരുമാനമെടുത്താലും അംഗീകരിക്കുമെന്ന് അദ്ദേഹം നേതൃത്വത്തെ അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം അമരീന്ദര്‍ പാര്‍ട്ടി വിട്ടേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് 40 എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം ഹൈക്കമാന്‍ഡിനെ സമീപിച്ചിരുന്നു. ഇതില്‍ നാല് മന്ത്രിമാരും ഉള്‍പ്പെടുന്നു. പഞ്ചാബ് പി സി സി അധ്യക്ഷനായി നവ്‌ജ്യോത് സിങ് സിദ്ദു വന്നതോടെയാണ് അമരീന്ദറിനെതിരേയുള്ള നീക്കം ശക്തിപ്പെട്ടത്.

117 അംഗ നിയമസഭയില്‍ 80 അംഗങ്ങളാണ് കോണ്‍ഗ്രസിനുള്ളത്. ഇതില്‍ 78 പേരുടെ പിന്തുണ സിദ്ദുവിനുണ്ടെന്ന് നേരത്തെതന്നെ സിദ്ദു അനുകൂലികള്‍ അവകാശപ്പെട്ടിരുന്നു.