സിനിമ പകുതിയായപ്പോൾ മടുത്തോ;പേടിക്കണ്ട പണം പോകില്ല , പുത്തൻ പദ്ധതിയുമായി PVR മൾട്ടിപ്ലക്സ്

0

സിനിമ ഇഷ്ട്ടപ്പെട്ടില്ലെങ്കിലും മുടക്കിയ പണം നഷ്ടമാകാതെ ഇരിക്കാൻ തീയേറ്ററിൽ മുഴുവൻ സിനിമ തീരുന്നതുവരെ ഇരിക്കുന്നവരാണ് ഒരുവിധം ആളുകളെല്ലാം. എന്നാൽ ഇനി പണം പോവുമെന്ന ആശങ്ക വേണ്ട കാരണം പി.വി.ആർ. ഐനോക്സ് മൾട്ടിപ്ലക്സ് ശൃംഖല സിനിമാശാലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ‘ഫ്ലെക്‌സി ഷോ’ എന്ന പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് . ചില തീയേറ്ററുകളിൽ ഇത് നടപ്പാക്കുകയും ചെയ്തു. ഈ സംവിധാനം അനുസരിച്ച് ഒരു സിനിമ കാണുന്നതിനിടയിൽ പകുതിക്ക് പോകേണ്ടി വന്നാൽ സിനിമയുടെ അവശേഷിക്കുന്ന സമയം കണക്കാക്കിയാണ് പണം നിശ്ചയിക്കുക.

ഉദാഹരണത്തിന് 75 ശതമാനത്തിലധികം സമയം ബാക്കിയുണ്ടെങ്കിൽ 60 ശതമാനം ടിക്കറ്റ് തുക മടക്കിക്കിട്ടും. 50 ശതമാനം മുതൽ 75 ശതമാനംവരെ സമയമാണുള്ളതെങ്കിൽ പകുതിത്തുക മടക്കിക്കിട്ടും. 25 മുതൽ 50 ശതമാനംവരെ ബാക്കിയാണെങ്കിൽ 30 ശതമാനം തുകയാണ് തിരിച്ചുകിട്ടുക. അതേസമയം, ഈ ടിക്കറ്റിന് പത്തുശതമാനം അധികം തുക ഈടാക്കുന്നുണ്ട്.

ഒടിടി പ്ലാറ്റ്‌ഫോമുകളിലെ പോലെ, സിനിമ കാണുന്നതിൽ ഉപയോക്താവിന് കൂടുതൽ നിയന്ത്രണം നൽകുകയാണ് ഈ സംവിധാനത്തിലൂടെ പി വി ആർ ലക്ഷ്യമിടുന്നത്. പി വി ആർ ആദ്യ ഘട്ടത്തിൽ ഡൽഹിയിലും ഗുരുഗ്രാമിലും ഫ്ലെക്സി ഷോകൾ അവതരിപ്പിച്ചു, ഉടൻ തന്നെ മറ്റ് പ്രധാന നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും. മൂന്ന് നാലു മാസമായി ഈ പദ്ധതി ട്രയൽ റൺ നടത്തുകയാണ്.
ടിക്കറ്റിലെ ക്യു.ആര്‍. കോഡ് സ്‌കാന്‍ചെയ്താല്‍ നിര്‍മിതബുദ്ധിയുടെ സഹായത്തോടെ വീഡിയോ അനലറ്റിക്‌സ് സംവിധാനമുപയോഗിച്ച് സീറ്റ് നിരീക്ഷിച്ചു അവിടെ ആളുവരുന്നതും പോകുന്നതും അനുസരിച്ചു പണമീടാക്കുന്നതാണ് ഈ പദ്ധതി.