വിസാ സൗജന്യവും കുറഞ്ഞ കൂലി സമ്പ്രദായവും പ്രഖ്യാപിച്ചതിന് പിന്നാലെ പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്തയുമായി ഖത്തര്‍. വിദേശികള്‍ക്ക് ഖത്തറില്‍ സ്ഥിരതാമസത്തിനുള്ള അനുമതി നല്‍കാനാണ് തീരുമാനം.
ബന്ധപ്പെട്ട ഉത്തരവ് അമീര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന് ചില നിബന്ധനകളുണ്ട്. ഖത്തറില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് സ്ഥിരതാമസത്തിന് അനുമതി നല്‍കാനാണ് തീരുമാനം. അപേക്ഷിച്ച എല്ലാവര്‍ക്കും ഒറ്റയടിക്ക് സ്ഥിരതാമസം നല്‍കുകയല്ല. അത് പ്രായോഗികവുമല്ല. ഓരോ വര്‍ഷവും നിശ്ചിത എണ്ണം ആളുകള്‍ക്കാണ് സ്ഥിരതാമസ അനുമതി നല്‍കുക.
ഓരോ വര്‍ഷവും നൂറ് പേരെ തിരഞ്ഞെടുത്ത് സ്ഥിരതാമസ അനുമതി നല്‍കാനാണ് തീരുമാനം. പരമാവധി നൂറ് പേര്‍ക്കാണ് ഒരു വര്‍ഷം സ്ഥിരതാമസ അനുമതി നല്‍കുക. അനുമതി ലഭിച്ചാല്‍ ഇവര്‍ക്ക് ഖത്തര്‍ പൗരന്‍മാര്‍ക്ക് ലഭിക്കുന്ന എല്ലാ ക്ഷേമ പദ്ധതികള്‍ക്കും അര്‍ഹതയുണ്ടായിരിക്കും.
ഖത്തറില്‍ സ്ഥിരതാമസത്തിന് താല്‍പ്പര്യമുള്ളവര്‍ നേരത്തെ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയില്‍ തീരുമാനമെടുക്കേണ്ടത് ആഭ്യന്തര മന്ത്രാലയമാണ്. അപേക്ഷകള്‍ പരിശോധിച്ച ശേഷം സ്ഥിരതാമസ അനുമതി നല്‍കണമോ വേണ്ടയോ എന്ന കാര്യത്തില്‍ ആഭ്യന്തര മന്ത്രാലയം തീരുമാനമെടുക്കും.
സപ്തംബര്‍ നാലിനാണ് ബന്ധപ്പെട്ട ഉത്തരവ് ഇറങ്ങിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സൗദി സഖ്യരാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചതിന് ശേഷമാണ് ഖത്തറില്‍ വിദേശികള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ അഞ്ചിനാണ് ഖത്തറിനെതിരെ സൗദി സഖ്യം ഉപരോധം പ്രഖ്യാപിച്ചത്.
വിദേശികളെ ഭരണകൂടത്തോട് കൂറുള്ളവരാക്കാന്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുകയായിരുന്നു ഖത്തര്‍. വിദേശികള്‍ക്ക് സ്ഥിരതാമസ അനുമതി നല്‍കുന്ന കാര്യം ജിസിസിയില്‍ ഏറെ കാലമായുള്ള ചര്‍ച്ചാവിഷയമാണ്. എന്നാല്‍ ഒരു രാജ്യങ്ങളും അനുമതി നല്‍കാന്‍ തയ്യാറായിട്ടില്ല. ഇതിന് തയ്യാറാകുന്ന ആദ്യ രാജ്യം ഖത്തറാണ്.
27 ലക്ഷത്തോളം ആളുകളാണ് ഖത്തറില്‍ അധിവസിക്കുന്നത്. ഇതില്‍ 90 ശതമാനവും വിദേശികളാണ്. അതുകൊണ്ടുതന്നെ വിദേശികളാണ് ഖത്തറിന്റെ കരുത്ത്. വിദേശികളെ രാജ്യത്തോട് കൂടുതല്‍ അടുപ്പിക്കാനായാല്‍ ഇനിയും നേട്ടം കൊയ്യാമെന്ന് ഭരണകൂടം കണക്കുകൂട്ടുന്നു.