കേരളത്തിനു ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ സഹായ ഹസ്തം. കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിന് 50 ലക്ഷം ഡോളര്‍ (ഏകദേശം 35 കോടി രൂപ) വകയിരുത്താന്‍ അമീര്‍ നിര്‍ദേശം നല്‍കി. പ്രളയത്തില്‍ വീടുകള്‍ നഷ്ടമായവരുടെ മതിയായ താമസ സൗകര്യങ്ങളൊരുക്കാന്‍ വേണ്ടിയാണിത്.
ഖത്തര്‍ സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ഖത്തര്‍ ചാരിറ്റി നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു പുറമെയാണ് വന്‍ തുക അമീര്‍ സഹായമായി പ്രഖ്യാപിച്ചത്. രാജ്യത്തിനു പുറത്തു നിന്ന് കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനു ലഭിക്കുന്ന ഏറ്റവും വലിയ സഹായ പ്രഖ്യാപനമാണിത്.
ഖത്തര്‍ ചാരിറ്റി കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി 40 ലക്ഷം ഖത്തര്‍ റിയാല്‍ പണം സമാഹരിക്കാനുള്ള പദ്ധതി ആരംഭിച്ചിരുന്നു. ഇതില്‍ ആദ്യ ഘട്ടമായി അഞ്ചു ലക്ഷം റിയാലിന്റെ പ്രവര്‍ത്തനം ഇന്ത്യയിലെ പ്രതിനിധി ഓഫിസ് മുഖേന ഖത്തര്‍ ചാരിറ്റി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.