തുര്‍ക്കിക്കു ഖത്തര്‍ ആമീര്‍ നല്‍കിയ ഒരു വമ്പന്‍ സമ്മാനം ഇപ്പോള്‍ തുര്‍ക്കി തലവന്‍ എര്‍ദോഗന്റെ ഉറക്കം കെടുത്തുന്നു.
ഖത്തര്‍ അമീര്‍ തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന് നല്‍കിയ ഒരു രാജകീയ വിമാനമാണ് തുര്‍ക്കിയില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിമരുന്ന് ഇട്ടിരിക്കുന്നത്.
500 ദശലക്ഷം (ഏകദേശം 36317493337.56 രൂപ) വില വരുന്ന അത്യാധുനിക സൗകര്യങ്ങളുള്ള ബോയിങ് 7478ഐ വിമാനമാണ് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി എര്‍ഡോഗന് കൊടുത്ത സമ്മാനം. വിമാനം തുര്‍ക്കിയില്‍ എത്തിയതോടെ രാഷ്ട്രീയ എതിരാളികള്‍ എര്‍ദോഗനെ അടിക്കാനുള്ള വടിയാക്കി ഇതിനെ മാറ്റിയെന്നു പറഞ്ഞാല്‍ മതിയല്ലോ. ഇതോടെ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുമ്പോള്‍ രാജ്യതലവന്‍ അസാധാരണ വിമാനം വിലയ്ക്ക് വാങ്ങി എന്ന രീതിയില്‍ വിവിധ കോണുകളില്‍ നിന്നും ആക്ഷേപം ഉയരുകയായിരുന്നു.
എര്‍ദോഗന്‍ വന്‍തുക ചെലവിട്ട് വിമാനം വാങ്ങി എന്നും പൊതുജനങ്ങളുടെ പണം സര്‍ക്കാര്‍ ധൂര്‍ത്തടിക്കുകയാണെന്നും അവര്‍ ആരോപിച്ചു. ഈ സാഹചര്യത്തിലാണ് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ ഖത്തര്‍ അമീറിന്റെ സമ്മാനമാണിതെന്ന് പറഞ്ഞത്. പൊതുപണം ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം മറുപടി നല്‍കി.
കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുമ്പോള്‍ നേരത്തേ ഒരു ബോയിംഗ് വിമാനം വാങ്ങാന്‍ തുര്‍ക്കി ഭരണകൂടം ആലോചിച്ചിരുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി കാരണം വിമാനം വാങ്ങുന്നത് മാറ്റിവച്ചു. ഇക്കാര്യം അറിഞ്ഞ ഖത്തര്‍ അമീര്‍ സമ്മാനമായി തുര്‍ക്കിക്ക് വന്‍ തുക ചെലവിട്ട് വിമാനം വാങ്ങിക്കൊടുക്കുക ആയിരുന്നു. അത്യാധുനിക സൗകര്യങ്ങളുള്ള വിമാനം ഇപ്പോള്‍ സംസാര വിഷയമാണ്.
തുര്‍ക്കിയെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറ്റാന്‍ കഴിഞ്ഞമാസ സന്ദര്‍ശനത്തില്‍ 15 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ഖത്തര്‍ ഭരണാധികാരി വാഗ്ദാനം ചെയ്തത്.