എംജി സർവകലാശാലയിലെ മരങ്ങളുടെ വിശദാംശങ്ങൾ അറിയാൻ ക്യുആർ കോഡ്

0

കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാലാ ക്യാംപസിലെ മരങ്ങളുടെ വിശദ വിവരങ്ങളറിയാൻ ഇനി ക്യുആർ കോഡ് സ്‌കാൻ ചെയ്താൽ മതിയാകും. മരങ്ങളിൽ പേരും ക്യുആർ കോഡും ഉൾപ്പെടുന്ന ബോർഡുകൾ സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയായി.

ക്യാംപസിൽ 156 ഇനങ്ങളിൽ പെട്ട 3731 മരങ്ങളുണ്ടെന്നാണ് കണക്ക്. പലയിനങ്ങളിലും പെട്ട മരങ്ങൾ നിരവധി എണ്ണമുണ്ട്. വിദ്യാർഥികളും സന്ദർശകരും കൂടുതലായി എത്തുന്ന മേഖലകളിലുള്ള മൂന്നുറോളം മരങ്ങളിലാണ് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പേരുകളും ശാസ്ത്രീയ നാമവും ക്യുആർ കോഡുമുള്ള ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.

സർവകലാശാലയിലെ അഡ്വാൻസ്ഡ് സെന്‍റർ ഫോർ എൻവയൺമെന്‍റൽ സ്റ്റഡീസ് ആൻഡ് സസ്റ്റൈനബിൾ ഡെവലപ്മെന്‍റ് (എസിഇഎസ്എസ്ഡി) കോട്ടയം വെള്ളൂരിലെ ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഫൊർ ഇക്കോളജിക്കൽ സ്റ്റഡീസിന്‍റെ(ടൈസ്) സഹകരണത്തോടെ നടത്തിയ പരിസ്ഥിതി ഓഡിറ്റിങ്ങിന്‍റെ അടിസ്ഥാനത്തിലാണ് ബോർഡുകൾ തയാറാക്കിയത്.

മുൻപ് ക്യാംപസിലെ മരങ്ങളിൽ പേര് പ്രദർശിപ്പിച്ചിരുന്നെങ്കിലും വിശദവിവരങ്ങൾ ലഭ്യമാകും വിധം ക്യുആർ കോഡ് സ്‌കാനിങ് സൗകര്യം ഉണ്ടായിരുന്നില്ല. കോഡ് സ്‌കാൻ ചെയ്യുമ്പോൾ ലഭിക്കുന്ന വെബ് പേജിൽ മരത്തിന്‍റെ ചിത്രം, ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പേര്, ശാസ്ത്രീയ നാമം, ലഘുവിവരണം എന്നിവയാണുള്ളത്.

മരങ്ങളെ അടുത്തറിഞ്ഞ് സംരക്ഷിക്കാൻ വിദ്യാർഥികളെയും പൊതു സമൂഹത്തെയും പ്രേരിപ്പിക്കുന്നതിന് ലക്ഷ്യമിട്ടാണ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നതെന്ന് എ.സി.ഇ.എസ്.എസ്.ഡി ഡയറക്റ്റർ ഡോ. എ.പി. തോമസ് പറഞ്ഞു. ക്യുആർ കോഡ് സംവിധാനത്തിന്‍റെ ഉദ്ഘാടനം വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ നിർവഹിച്ചു.