മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയില്‍, അംഗത്വം സ്വീകരിച്ചു

0

മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയില്‍. ഈശ്വര വിലാസത്തിലുള്ള വീട്ടില്‍ വെച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനില്‍ നിന്നും പാര്‍ട്ടി മെമ്പര്‍ഷിപ്പ് സ്വീകരിച്ചു. കേരളത്തിലെ ആദ്യത്തെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയാണ് ശ്രീലേഖ.

വെറും മൂന്നാഴ്ചത്തെ ആലോചനയ്ക്ക് ശേഷമാണ് തീരുമാനമെടുത്തതെന്ന് ശ്രീലേഖ പ്രതികരിച്ചു. നരേന്ദ്ര മോദി പ്രഭാവമാണ് ബിജെപിയിലേക്ക് എത്തിച്ചതെന്നും വ്യക്തമാക്കി. മുപ്പത്തിമൂന്നര വര്‍ഷം നിഷ്പക്ഷയായ പൊലീസ് ഉദ്യോഗസ്ഥയായിരുന്നുവെന്ന് അവര്‍ പറഞ്ഞു. വിരമിച്ചതിന് ശേഷം പല കാര്യങ്ങളും മാറി നിന്ന് കാണാന്‍ തുടങ്ങി. അതിനു ശേഷമുള്ള അറിവിന്റെയും അനുഭവത്തിന്റെയും പശ്ചാത്തലത്തില്‍ ഇതാണ് ഏറ്റവും നല്ല വഴി എന്ന് തോന്നി. ജന സമൂഹത്തിന് തുടര്‍ന്നും സേവനം നല്‍കാന്‍ പറ്റിയൊരു അവസരമാണ് എന്ന് തോന്നിയത് കൊണ്ട് മാത്രമാണ് തീരുമാനം – ആര്‍ ശ്രീലേഖ വ്യക്തമാക്കി. തല്‍ക്കാലം ഒരു അംഗം മാത്രമാണ് താനെന്നും ബാക്കി കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നവരാത്രി കാലത്ത് ഒരു ധീരവനിതയെ ഭാരതീയ ജനതാ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യാന്‍ സാധിച്ചത് അഭിമാനമായിക്കരുതുന്നുവെന്ന് അംഗത്വം നല്‍കിക്കൊണ്ട് കെ സുരേന്ദ്രന്‍ പറഞ്ഞു. ഹരിയാനയിലും ജമ്മു കശ്മീരിലും ബിജെപി ഉജ്വല വിജയം സാഹചര്യത്തില്‍ കൂടിയാണ് ശ്രീലേഖ പാര്‍ട്ടിയിലേക്ക് എത്തുന്നത് എന്നുകൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ പത്ത് വര്‍ഷങ്ങളില്‍ പ്രധാനമന്ത്രി രാജ്യത്തുണ്ടാക്കിയിട്ടുള്ള അത്ഭുതകരമായ മാറ്റങ്ങളില്‍ വളരെയധികം താത്പര്യമുള്ളതുകൊണ്ടാണ് അവര്‍ ബിജെപിയിലെത്തിയതെന്ന് തന്നോട് വ്യക്തമാക്കിയിട്ടുണ്ടെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ആര്‍എസ്എസിനോടും ബിജെപിയോടുമുള്ള എല്ലാ അയിത്തവും കേരളത്തില്‍ അവസാനിച്ചിരിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇടതുപക്ഷവും വലതുപക്ഷവും ഒരു ‘അണ്‍ടച്ചബിള്‍’ പാര്‍ട്ടിയായി ബിജെപിയെ കഴിഞ്ഞ ഏഴ് പതിറ്റാണ്ട് നിലനിര്‍ത്താന്‍ ശ്രമിച്ചു. ഞങ്ങളാ മതില്‍ക്കെട്ടുകള്‍ പൊളിച്ചു. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ആകര്‍ഷിക്കാനും കൂടെ നിര്‍ത്താന്‍ കഴിയുന്ന പാര്‍ട്ടിയാണ് ഇത് എന്ന വിശ്വാസം ജനങ്ങളില്‍ സംജാതമായിരിക്കുകയാണ്. ഐപിഎസുകാര്‍ മാത്രമല്ല, സമൂഹത്തിന്റെ എല്ലാ മേഖലകളിലുമുള്ള ആളുകള്‍ പാര്‍ട്ടിയിലേക്കും. സുരേന്ദ്രന്‍ വ്യക്തമാക്കി.

രണ്ടു വര്‍ഷം മുമ്പാണ് സര്‍വ്വീസില്‍ നിന്ന് വിരമിച്ചത്. സര്‍വ്വീസില്‍ ഉള്ളപ്പോള്‍ തന്നെ സര്‍ക്കാരുമായി നല്ല ബന്ധത്തിലായിരുന്നില്ല. അതുകൊണ്ടുതന്നെ സര്‍വ്വീസില്‍ നിന്ന് വിരമിക്കുമ്പോഴുണ്ടായിരുന്ന യാത്രയയപ്പ് ചടങ്ങ് പോലും സ്വീകരിച്ചിരുന്നില്ല.