രാഹുൽ ഗാന്ധി ജിം തുടങ്ങട്ടെ, തരൂർ ഇംഗ്ലീഷ് ഇൻസ്റ്റിറ്റ്യൂട്ടും: രാജീവ് ചന്ദ്രശേഖർ

0

ന്യൂഡൽഹി: നല്ല ഭാഷാ പരിജ്ഞാനവും പ്രഭാഷണ പാടവവുമുള്ള നേതാക്കൾ കോൺഗ്രസിലുണ്ടെന്നും, തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ അവർക്കെല്ലാം പുതിയ തൊഴിൽ മേഖലകളിലേക്കു പ്രവേശിക്കാമെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്‍റെ പരിഹാസം.

“രാഹുൽ ഗാന്ധി ഒരു ജിം തുടങ്ങണം. ശശി തരൂർ ഒരു ഇംഗ്ലീഷ് ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങട്ടെ”, അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ ജനങ്ങൾക്ക് ആവശ്യം അവരെ സേവിക്കുകയും, അവരുടെ ജീവിതം മെച്ചപ്പെടുത്തുകയും ചെയ്യാൻ സാധിക്കുന്ന നേതാക്കളെയാണ്. രാഹുൽ ഗാന്ധിയെപ്പോലുള്ളവർ അതിൽപ്പെടുന്നില്ലെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം മണ്ഡലത്തിൽ മത്സരിക്കുന്ന രാജീവിന്‍റെ എതിർ സ്ഥാനാർഥികൾ ശശി തരൂരും പന്ന്യൻ രവീന്ദ്രനുമാണ്. എക്സിറ്റ് പോളുകൾ ബിജെപിക്ക് വൻ ഭൂരിപക്ഷം പ്രവചിക്കുന്നതു കാണുമ്പോൾ ചിരിയാണ് വരുന്നതെന്ന തരൂരിന്‍റെ പരാമർശത്തോടു പ്രതികരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ. ”രാജ്യം മുഴുവൻ പ്രചാരണം നടത്തുകയും ജനവികാരം മനസിലാക്കുകയും ചെയ്ത ഞങ്ങൾ ഈ എക്സിറ്റ് പോൾ പ്രവചനങ്ങളിൽ വിശ്വസിക്കുന്നില്ല” എന്നും തരൂർ പറഞ്ഞിരുന്നു.

ഇന്ത്യ മുന്നണി 295 സീറ്റ് നേടുമെന്നാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അവകാശപ്പെടുന്നത്. താനും ഈ സംഖ്യയെയാണ് പിന്തുണയ്ക്കുന്നതെന്നും തരൂർ. ഇത് എക്സിറ്റ് പോൾ അല്ലെന്നും, മോദി മീഡിയ പോൾ ആണെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.