രാഹുൽ ഇഡിക്ക് മുന്നിലെത്തും: ഇന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് മുന്‍പാകെ ഹാജരാകും

0

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി ഇന്ന് ഡൽഹിയിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റിനു മുന്നിൽ ഹാജരാകും. എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റിനു മുന്നിൽ ഹാജരാകുന്ന രാഹുൽ ഗാന്ധിക്കൊപ്പം കോൺഗ്രസ് എം.പിമാരും മുതിർന്ന നേതാക്കളും പ്രകടനമായി നീങ്ങും. കേസ് രാഷ്‌ട്രീയ പ്രേരിതമാണെന്ന സന്ദേശം നൽകുന്ന ശക്തിപ്രകടനമാണ് പാർട്ടി ലക്ഷ്യമിടുന്നത്.

കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാഷ്‌ട്രീയ പകപോക്കൽ നടത്തുകയാണെന്ന് വ്യക്തമാക്കാൻ രാജ്യത്തെ 25ഒാളം ഇ.ഡി ഒാഫീസുകൾക്ക് മുന്നിലും കോൺഗ്രസ് പ്രതിഷേധ പരിപാടി നടത്തും. രാഹുലിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പ്രത്യേക യോഗം ചേർന്നാണ് പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്‌തത്.

എ ഐ സി സി ആസ്ഥാനത്ത് നിന്ന് പ്രതിഷേധ മാര്‍ച്ചോടെ നേതാക്കള്‍ രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഡ്യം അറിയിച്ച് ഇ ഡി ഓഫീസിലേക്ക് നീങ്ങുമെന്നാണ് അറിയിച്ചിട്ടുള്ളത്. രാജസ്ഥാന്‍, ഛത്തീസ്ഘട്ട് മുഖ്യമന്ത്രിമാര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, എം പിമാര്‍ തുടങ്ങിയവര്‍ ദില്ലി പ്രതിഷേധത്തില്‍ അണിനിരക്കാനും തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ഈ റാലിക്ക് റാലിക്ക് ദില്ലി പൊലീസ് അനുമതി നിഷേധിച്ചിട്ടുണ്ട്. ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇ ഡി ഓഫീസിലേക്ക് റാലി നടത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് നേതാക്കൾക്ക് ഡൽഹി പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.

അതിനാൽ തന്നെ വിലക്ക് ലംഘിച്ച് രാഹുലിനൊപ്പം കോൺഗ്രസ് നേതൃത്വം ഇ ഡി ഓഫിസിലെക്ക് മാർച്ച് ചെയ്യുമോ എന്നത് രാവിലെ അറിയാം. രാഹുൽ ഗാന്ധി ഹാജരാകുന്ന സമയം രാജ്യത്തെ മുഴുവന്‍ ഇ ഡി ഓഫീസുകള്‍ക്ക് മുന്നിലും പി സി സികളുടെ നേതൃത്വത്തിൽ കേന്ദ്രസര്‍ക്കാരിന്‍റെ പ്രതികാര രാഷ്ട്രീയത്തിനെതിരെ പ്രതിഷേധിക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിട്ടുണ്ട്.

രാഹുല്‍ ഗാന്ധിയുടെ മൊഴിയെടുക്കുന്നതിന് പിന്നാലെ ഇ ഡി ഈ മാസം 23ന് സോണിയ ഗാന്ധിയുടെ മൊഴിയുമെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. കള്ളപ്പണനിരോധന നിയമത്തിലെ ക്രിമിനല്‍ നടപടി പ്രകാരം മൊഴിയെടുക്കുന്നുവെന്നാണ് ഇരുവര്‍ക്കും ഇ ഡി നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കുന്നത്. നാഷണൽ ഹെറാൾഡ് പത്രത്തിന്‍റെ ഉടമസ്ഥരായ എ ജെ എൽ കമ്പനിയുടെ കോടിക്കണക്കിന് വിലവരുന്ന ആസ്തി സോണിയ ഗാന്ധിയും, രാഹുൽ ഗാന്ധിയും ഡയറക്ടർമാരായ യംഗ് ഇന്ത്യ എന്ന കമ്പനിയിലേക്ക് മാറ്റിയതിൽ കള്ളപ്പണ ഇടപാട് നടന്നുവെന്ന സുബ്രഹ്മണ്യൻ സ്വാമിയുടെ പരാതിയിലാണ് ഇഡി നടപടി.

2015 ല്‍ കേസ് ഇഡി അവസാനിപ്പിച്ചെങ്കിലും സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി തുടരന്വേഷണത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ നീങ്ങുകയായിരുന്നു. അതേ സമയം രാഷ്ട്രീയ വേട്ടയെന്ന ആക്ഷേപത്തില്‍ ഇ ഡി നടപടി നേരിടുന്ന സമാനകക്ഷികളെ ഒപ്പം ചേർത്ത് രാഷ്ട്രീയ നീക്കത്തിന് കോണ്‍ഗ്രസ് തയ്യാറെടുക്കുന്നുവെന്നാണ് വിവരം. രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിക്കാനുള്ള മമത ബാനര്‍ജിയുടെ തീരുമാനത്തെ സോണിയ പിന്തുണച്ചത് ഈ നീക്കത്തിനുള്ള സൂചനയാണെന്ന വിലയിരുത്തലുകളുമുണ്ട്.