രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകും, റായ്‌ബറേലി സീറ്റിൽ തുടരും; വയനാട് സീറ്റ് ഒഴിയാനും തീരുമാനം

0

ഡല്‍ഹി: രാഹുൽ ഗാന്ധി ലോക്സഭാ പ്രതിപക്ഷ നേതാവാകും. കോൺഗ്രസിൻ്റെ ലോക്സഭാ കക്ഷി നേതാവായി രാഹുൽ ഗാന്ധിയെ തെരഞ്ഞെടുക്കാനാണ് തീരുമാനം. രാഹുൽ ഗാന്ധി വയനാട് സീറ്റ് ഒഴിഞ്ഞേക്കുമെന്നും റായ്ബറേലിയിൽ എംപിയായി തുടരുമെന്നും വിവരമുണ്ട്. അതേസമയം വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഒഴിവിൽ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല. കേരളത്തിലെ കോൺഗ്രസ് നേതാക്കളെ തന്നെ പരിഗണിക്കാനാണ് തീരുമാനം.

പ്രതിപക്ഷ നേതാവാകാൻ പ്രവർത്തക സമിതി രാഹുൽ ഗാന്ധിയോടാവശ്യപ്പെട്ടെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. പ്രതിപക്ഷത്തെ നയിക്കാൻ രാഹുൽ ഗാന്ധിയാണ് ഏറ്റവും യോഗ്യൻ. മോദിക്കെതിരായ പോരാട്ടത്തിൽ രാഹുലിൻ്റെ നയങ്ങൾക്ക് വലിയ സ്വീകാര്യത കിട്ടി. പ്രവർത്തക സമിതിയുടെ വികാരം രാഹുൽ മനസിലാക്കും. ഉടൻ തീരുമാനം ഉണ്ടാകുമെന്നും കെസി വേണുഗോപാൽ പറഞ്ഞു.

രാഹുൽ ഗാന്ധി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണം എന്നാവശ്യപ്പെട്ട് പ്രവർത്തക സമിതി പ്രമേയം പാസാക്കി. സംസ്ഥാനങ്ങളിൽ നേരിട്ട തിരിച്ചടിയെ കുറിച്ച് പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കാനും തീരുമാനിച്ചു. രാഹുൽ ഏത് മണ്ഡലം നിലനിർത്തുമെന്നതിൽ പാർലമെൻറ് ചേരുന്ന 17 മുൻപ് തീരുമാനം വരുമെന്നാണ് എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞത്.