ന്യൂഡൽഹി: അപകീർത്തിക്കേസിലെ സൂറത്ത് ചീഫ് മജിസ്ട്രേട്ട് കോടതിയുടെ ശിക്ഷാ വിധിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നൽകിയ അപ്പീലിൽ ജാമ്യം നീട്ടി സൂറത്ത് സെഷൻസ് കോടതി. കേസ് ഏപ്രിൽ 13ന് പരിഗണിക്കാനായി മാറ്റി.
മജിസ്ട്രേട്ട് കോടതി രാഹുൽ ഗാന്ധിക്ക് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. അപ്പീൽ നൽകാൻ 30 ദിവസത്തേക്ക് ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ചാണ് ജാമ്യം നൽകിയിരുന്നത്. ഈ ജാമ്യമാണ് സെഷൻസ് കോടതി നീട്ടിയത്.
പ്രിയങ്ക ഗാന്ധിക്കും മറ്റു നേതാക്കൾക്കൊപ്പമാണ് രാഹുൽ കോടതിയിലെത്തിയത്.മുതിർന്ന നേതാക്കളോട് രാഹുൽ ഗാന്ധിക്കൊപ്പം പോകാൻ പാർട്ടി ആവശ്യപ്പെട്ടിരുന്നു. അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് സൂറത്ത് കോടതി 2 വർഷം തടവുശിക്ഷ വിധിച്ചിരുന്നു. കോടതി വിധി നടന്ന് 12-ാം ദിവസമമാണ് അപ്പീൽ നൽകുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2019 ൽ കർണാടകയിലെ കോലാറിൽ നടന്ന പ്രസംഗത്തിനിടെയാണ് രാഹുൽ ഗാന്ധി വിവാദ പരാമർശം ഉയർത്തിയത്. ‘എല്ലാ കള്ളൻ മാർക്കും മോദി എന്ന പേരുള്ളത് എന്തുകൊണ്ട്’ എന്ന പരാമർശത്തിനിരെയാണ് ബിജെപി നേതാവ് പൂർണേഷ് മോദി പരാതി നൽകിയത്. കോടതി ശിക്ഷിച്ചതിനു പിന്നാലെ രാഹുലിനെ ലോക്സഭാംഗത്യത്തിൽ നിന്ന് അയോഗ്യനാക്കിയിരുന്നു.