പ്ലാറ്റ് ഫോം ടിക്കറ്റിൻ്റെ നിരക്ക് പത്ത് രൂപയിൽ നിന്ന് അമ്പത് രൂപയാക്കി ഉയർത്തിയാണ് റെയിൽവെ ഇന്ന് മെച്ചപ്പെട്ട സേവനം ഉറപ്പിച്ച് പൊതുജനങ്ങളെ അത്ഭുതപ്പെടുത്തിയത്. റെയിൽവെ സ്റ്റേഷനുകളിലെ തിരക്ക് കുറക്കാനാണ് ഈ നിരക്കുയർത്തൽ എന്നാണ് റെയിൽവെ അധികൃതർ അവകാശപ്പെടുന്നത്. കോവിഡ് കാലത്ത് കൊള്ളയടിക്കുക എന്നത് റെയിൽവെ ഒരു ശീലമാക്കിയിരിക്കുകയാണ്.
റെയിൽവെ യാത്രക്കാർക്ക് നൽകി വരുന്ന ധാരാളം ഇളവുകളുണ്ടായിരുന്നു. മുതിർന്ന പൗരൻമാർക്കും കാൻസർ രോഗികൾക്കും നൽകിയിരുന്ന നിരക്കിലുള്ള ഇളവുകൾ ഒട്ടേറെ യാത്രക്കാർക്ക് പ്രയോജനപ്പെട്ടിരുന്ന ആനുകുല്യങ്ങൾ തന്നെയായിരുന്നു, എന്നാൽ ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരൻ്റെ മാനസിക അവസ്ഥയാണ് റെയിൽവെ പ്രകടിപ്പിച്ചിട്ടുള്ളത്.
മഹാമാരിയുടെ പ്രതികൂല സാഹചര്യം പകൽക്കൊള്ളയ്ക്കുളള സന്ദർഭമായി പ്രയോജനപ്പെടുത്താനുള്ള തീരുമാനമാണ് റെയിൽവെ അധികൃതർ പിൻതുടർന്നു വന്നത്. കോവിഡ് പശ്ചാത്തലത്തിൽ എല്ലാ യാത്രാ ആനുകൂല്യങ്ങളും ഒറ്റയടിക്ക് പിൻവലിച്ചു കൊണ്ടാണ് ജന വിരുദ്ധ നയം തെളിയിച്ചത്.
വീണ്ടും വീണ്ടും ജനവിരുദ്ധ തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നതിന് പകരം പിൻവലിച്ച ആനുകൂല്യങ്ങൾ പുനസ്ഥാപിക്കാനുള്ള നടപടികളാണ് റെയിൽവേയുടെ ഭാഗത്ത് നിന്നുണ്ടാകേണ്ടത്. കൊള്ളയും പിടിച്ചുപറിയും ഒരു ശീലമാക്കി മാറ്റുന്നത് പൊതുമേഖലയ്ക്ക് ചേർന്ന നടപടിയല്ലെന്ന് തന്നെയാണ് ഓർമ്മിപ്പിക്കാനുള്ളത്.